
പറ്റ്ന: ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ വ്യാജമദ്യം കഴിച്ച് മൂന്നു പേര്‍ മരിച്ചു. അവദേഷ് കുമാര്‍ എന്നയാളാണ് ഏറ്റവും ഒടുവിൽ മരിച്ചത്. നേരത്തെയും പ്രദേശത്ത് രണ്ട് പേര്‍ വ്യാജമദ്യം കഴിച്ചു മരണപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായെന്നു പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഈ വിവരം പൊലീസിനെ അറിയിക്കുന്നതിനു മുമ്പു തന്നെ ഇവരുടെ സംസ്‌കാരം നടത്തുകയായിരുന്നു.
രണ്ടു പേര്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നു 90ൽ അധികം വ്യാജ മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
2016ല്‍ നിതീഷ് കുമാര്‍ ഗവണ്‍മെന്‍റ് മദ്യത്തിന്‍റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചതിനു ശേഷം സംസ്ഥാനത്തു വ്യാജമദ്യ വില്‍പ്പന വര്‍ധിച്ചിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു ബിഹാറിലേക്കു മദ്യം കടത്തുന്ന സംഭവങ്ങളും ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ഏപ്രലില്‍ കിഴക്കൻ ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് മുപ്പതു പേരാണ് മരണപ്പെട്ടത്.