
ശ്രീനഗർ: ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ജമ്മുകാഷ്മീരിൽ പൊലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വനംവകുപ്പ് ജീവനക്കാരൻ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഗവർണർ മനോജ് സിൻഹയാണ് നടപടി സ്വീകരിച്ചത്. 2024 മെയ് മാസത്തിൽ അറസ്റ്റിലായ ജമ്മു കാഷ്മീർ പൊലീസ് കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട്, ജില്ലാ ജയിലിൽ കഴിയുന്ന അധ്യാപകനായ മുഹമ്മദ് അഷ്‌റഫ് ഭട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ജോലിയ ചെയ്യുന്ന നിസാർ അഹമ്മദ് ഖാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. പൊലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭീകര ബന്ധം കണ്ടെത്തിയിരുന്നു. ഫിർദൗസ് അഹമ്മദ് ഭട്ടും മുഹമ്മദ് അഷ്‌റഫ് ഭട്ടും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ്. നിസാർ അഹമ്മദ് ഖാൻ ഹിസ്ബുൾ മുജാഹിദീനെ സഹായിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
ജമ്മു ഡിവിഷനിലെ നിയന്ത്രണ രേഖയിൽ സമീപ ദിവസങ്ങളിൽ നടന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 11 ന് ജമ്മുവിലെ അഖ്‌നൂർ സെക്ടറിൽ ഭീകരർ നടത്തിയ ശക്തമായ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സൈനികരും അതിനു മുമ്പ് രജൗരി സെക്ടറിൽ അതിർത്തി കടന്നുള്ള വെടിവയ്പിൽ ഒരു സൈനികന് പരുക്കൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി 13 ന് ഭീകരർക്ക് സാമ്പത്തികമായും സാധനങ്ങൾ എത്തിച്ചു നൽകി സാഹായിക്കുന്നവർക്കെതിരേ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ നടപടി.