

ഇന്ത്യൻ റെയ്ൽവേയുടെ ആഡംബര തീവണ്ടിയായ മഹാരാജ എക്സ്പ്രസ്
ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ 336 റെയ്ൽവേ ഉദ്യോഗസ്ഥർ പങ്കാളികൾക്കൊപ്പം ആഡംബര ട്രെയ്നുകളിൽ യാത്ര ചെയ്തെന്നും ഇതിനായി പൊതുപണം ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് ഡിഎംകെ ലോക്സഭാംഗം വി.എസ്. മധേശ്വരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യൻ റെയ്ൽവേയുടെ ആഡംബര തീവണ്ടികളായ പാലസ് ഓൺ വീൽസ്, മഹാരാജ എക്സ്പ്രസ്, ഡെക്കാൻ ഒഡിസി തുടങ്ങിയ ട്രെയ്നുകളിലാണ് ഉദ്യോഗസ്ഥർ യാത്ര ചെയ്തതെന്നാണ് എംപിയുടെ ആരോപണം.
ഇന്ത്യൻ റെയ്ൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനായ (ഐആർസിടിസി) ആണ് ഈ ട്രെയ്നുകൾ സർവീസ് നടത്തുന്നത്. യാത്രാ പാക്കേജിനും റൂട്ടിനും അനുസരിച്ച് ഒരാൾക്ക് 4.5 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയാണ് നിരക്ക്.
2026 സെപ്റ്റംബർ അഞ്ചിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ 1986ലെ റെയ്ൽവേ സെർവന്‍റ്സ് (പാസ്) റൂൾസ് പ്രകാരം ഇത്തരം യാത്രകൾ അനുവദനീയമാണോ എന്നതുമായി ബന്ധപ്പെട്ട് റെയ്ൽവേ മന്ത്രാലയം പാർലമെന്‍റിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതായി ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
അതേസമയം ഉദ്യോഗസ്ഥർക്ക് ആഡംബര ട്രെയ്നുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതിൽ ചട്ടലംഘനമോ ക്രമക്കേടോ ഉണ്ടായിട്ടില്ലെന്ന് റെയ്ൽവേ മന്ത്രാലയം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. റെയ്ൽവേ സെർവന്‍റ്സ് (പാസ്) റൂൾസിലെ ‘കുടുംബം’ എന്ന നിർവചനം ടൂറിസ്റ്റ് ട്രെയ്നുകളിലെ യാത്ര അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ട്രെയ്നുകളിലെ യാത്രാ അവകാശം മറ്റ് ട്രെയ്നുകൾക്ക് ബാധകമായ അവകാശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, റെയ്ൽവേ ഉദ്യോഗസ്ഥർ പങ്കാളികൾക്കൊപ്പം ആഡംബര ട്രെയ്നുകളിൽ നടത്തിയ യാത്രയ്ക്ക് പൊതുപണം ഉപയോഗിച്ചതായി മധേശ്വരൻ ആരോപിച്ചു. 2022ൽ റെയ്ൽവേ ഉദ്യോഗസ്ഥർക്ക് നിലവിലുള്ള റെയ്ൽവേ പാസ് വ്യവസ്ഥകൾ പ്രകാരം കുടുംബത്തോടൊപ്പം ആഡംബര ട്രെയ്നുകളിൽ യാത്ര ചെയ്യാമെന്ന് റെയ്ൽവേ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, 2026 ജൂലൈ 29ന് താൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ ഉദ്യോഗസ്ഥർക്ക് ഭാര്യമാരോടൊപ്പം ആഡംബര ട്രെയ്നുകളിൽ യാത്ര ചെയ്യാനാകില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയതെന്നും മധേശ്വരൻ ആരോപിച്ചു.
റെയ്ൽവേ സെർവന്‍റ്സ് (പാസ്) റൂൾസിന്‍റെ വ്യാഖ്യാനവും നടപ്പാക്കലും സംബന്ധിച്ചും മന്ത്രാലയം പാർലമെന്‍റിന് നൽകിയ വിവരങ്ങളുടെ കൃത്യത സംബന്ധിച്ചും ഈ വൈരുധ്യം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായി മധേശ്വരൻ പറഞ്ഞു.
2017ൽ റെയ്ൽവേ സംബന്ധിച്ച പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ആഡംബര ട്രെയ്നുകളിലെ സൗജന്യ ടിക്കറ്റുകൾ നിർത്തലാക്കണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മന്ത്രാലയം അതിന് വിസമ്മതിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥരുടെ പദവിയോ റാങ്കോ പരിഗണിക്കാതെ പൊതുപണം തിരിച്ചുപിടിക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.