
ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ നിറയെ യാത്രക്കാരുമായി പോയ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരണസഖ്യ 39 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 3 പേർ കൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു. 17 പേരാണ് നിലവിൽ പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇവർ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
അപകടത്തെകുറിച്ച് വിശദമായി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹി തുടങ്ങിയവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ബതോഡെ- കിഷ്ത്വാർ ദേശീയ പാതയിൽ തൃംഗൽ- അസ്സറിനു സമീപമാണ് അപകടം. ബസ് പൂർണമായി തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമായിരുന്നു ആളുകളെ ഇവിടെനിന്നും പുറത്തെത്തിക്കാനായത്.