

ഡോണൾഡ് ട്രംപിനൊപ്പം പീറ്റർ നവാരോ.
File
വാഷിങ്ടൺ: ഇന്ത്യയുടെ വ്യാപാര നയങ്ങളെയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെയും വിമർശിച്ച് സൈബർ സ്പേസിൽ എട്ടിന്‍റെ പണി വാങ്ങിയ വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ കരച്ചിലിൽ തുടങ്ങി! തനിക്കെതിരേ ഇന്ത്യൻ നെറ്റിസൺസ് ഇന്‍റർനെറ്റിൽ തീതു തുപ്പിയെന്നും, തനിക്കെതിരേ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായതെന്നും നവാരോയുടെ പരിഭവം. അമെരിക്കയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇങ്ങനെയല്ലെന്നും അദ്ദേഹം ഇന്ത്യക്കാരെ ഉദ്ബോധിപ്പിക്കുന്നു!
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര-വ്യവസായ ഉപദേഷ്ടാവായ പീറ്റർ നവാരോ കുറച്ചുകാലമായി ഇന്ത്യക്കെതിരേ കടുത്ത നിലപാടുകളുമായി രംഗത്തുണ്ട്. ഇന്ത്യയെ 'താരിഫുകളുടെ മഹാരാജാവ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 'ക്രെംലിന്‍റെ വിഴുപ്പുഭാണ്ഡം' എന്നും ആക്ഷേപിച്ചിരുന്നു. മോദിയുടെ യുദ്ധം എന്നാണ് ഉക്രെയ്ൻ സംഘർഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി അത് സംസ്കരിച്ച് വിൽക്കുന്നതിലൂടെ ഇന്ത്യ റഷ്യയുടെ 'യുദ്ധയന്ത്രത്തിന്' ഇന്ധനം നൽകുകയാണെന്നായിരുന്നു നവാരോയുടെ മറ്റൊരു ആരോപണം.
എന്നാൽ, നവാരോയുടെ ഈ ഏകപക്ഷീയ വിമർശനങ്ങൾക്ക് ഇന്ത്യൻ സമൂഹമാധ്യമ ഉപയോക്താക്കൾ നൽകിയ മറുപടി കടുത്തതായിരുന്നു. ഫിനാൻഷ്യൽ ടൈംസിൽ ലേഖനമെഴുതി താനാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറച്ചതെന്ന് അവകാശപ്പെട്ട നവാരോയ്ക്ക് ട്രോളുകളുടെ പൂരം തന്നെയാണ് ഇന്‍റർനെറ്റിൽ ലഭിച്ചത്.
തന്‍റെ ലേഖനം വഴിയാണ് ഇന്ത്യയുടെ റഷ്യൻ എണ്ണ വ്യാപാരം കുറഞ്ഞതെന്നും താൻ വിചാരിച്ചതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും വീമ്പിളക്കുന്ന നവാരോ, ഇന്ത്യൻ നെറ്റിസൺസിന്‍റെ മുന്നിൽ പെട്ടതോടെ അന്തംവിട്ടിരിക്കുകയാണ്.
ഏതായാലും നവാരോയുടെ ഈ 'കരച്ചിൽ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചിരിപടർത്തുന്നുണ്ട്. മുൻപ് നവാരോയുടെ പ്രസ്താവനകൾ പൂർണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നതാണ്.