

ഡിജിറ്റലായി ലോകത്തെ ഏറ്റവും വലിയ സെൻസസ്
file photo
* ഡിജിറ്റൽ ഉപകരണങ്ങൾ ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അവതരിപ്പിച്ചു
* 2027ലെ സെൻസസിന് രണ്ടുഘട്ടം, ലോകത്തെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ
* ഡിജിറ്റലായി നടത്തുന്നത് ഇതാദ്യം, പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താം
* 16 ഭാഷകളിൽ വിവരങ്ങൾ ഓൺലൈനായി നൽകാവുന്ന സെൽഫ് എന്യൂമറേഷൻ
* 30 ലക്ഷം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളാകും
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, 2027ലെ സെൻസസിനായുള്ള നാല് ഡിജിറ്റൽ ഉപകരണങ്ങളുടെ സോഫ്റ്റ് ലോഞ്ചും "പ്രഗതി' (സ്ത്രീ), "വികാസ്' (പുരുഷൻ) എന്നീ മാസ്കോട്ടുകളുടെ ഔദ്യോഗിക അനാച്ഛാദനവും നിർവഹിച്ചു. രാജ്യത്തുടനീളമുള്ള എന്യൂമറേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് സെന്‍റർ ഫോർ ഡവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വിപുലമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
2027ലെ സെൻസസിന് രണ്ടുഘട്ടം, ലോകത്തെ ഏറ്റവും വലിയ സെൻസസ് പ്രക്രിയ
file image
2025 ജൂൺ 16ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ 2027ലെ സെൻസസ് നടത്താനുള്ള തീരുമാനം അറിയിക്കുകയും സെൻസസ് നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു. രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന 2027ലെ സെൻസസ് ലോകത്തെ ഏറ്റവും വലിയ സെൻസസ് പ്രക്രിയയാണ്. ഇതാദ്യമായാണ് സെൻസസ് ഡിജിറ്റലായി നടക്കുന്നത്. കൂടാതെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്.
സെൻസസിന്‍റെ സൗഹൃദപരവും പരിചിതവുമായ മുഖങ്ങളായി വർത്തിക്കാൻ "പ്രഗതി' (സ്ത്രീ എന്യൂമറേറ്റർ), "വികാസ്'(പുരുഷ എന്യൂമറേറ്റർ) എന്നീ മാസ്കോട്ടുകൾ അനാച്ഛാദനം ചെയ്തു. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തുല്യ പങ്കാളിത്തത്തെ ഈ മാസ്കോട്ടുകൾ പ്രതീകപ്പെടുത്തുന്നു. ഈ മാസ്കോട്ടുകളിലൂടെ 2027ലെ സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലക്ഷ്യങ്ങൾ, പ്രധാന സന്ദേശങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് ഫലപ്രദവും ജനസൗഹൃദപരവുമായ രീതിയിൽ എത്തിക്കും.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഇന്ത്യയിലെ ആദ്യ സെൻസസ് ആയിരിക്കും 2027ലേത്. അമിത് ഷാ സോഫ്റ്റ് ലോഞ്ച് ചെയ്ത നാല് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇവയാണ്:
1. ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് ക്രിയേറ്റർ വെബ് ആപ്ലിക്കേഷൻ: രാജ്യത്തുടനീളം കൃത്യവും ഏകീകൃതവുമായ ഭൂമിശാസ്ത്രപരമായ പരിധി ഉറപ്പാക്കിക്കൊണ്ട്, സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്കുകൾ ഡിജിറ്റലായി നിർമ്മിക്കാൻ ചാർജ് ഓഫീസർമാരെ സഹായിക്കുന്ന ഒരു വെബ്-മാപ്പ് ആപ്ലിക്കേഷനാണിത്.
2. എച്ച്എൽഒ മൊബൈൽ ആപ്ലിക്കേഷൻ: എന്യൂമറേറ്റർമാർക്ക് ഹൗസ് ലിസ്റ്റിങ് വിവരങ്ങൾ ശേഖരിക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സുരക്ഷിതമായ ഒരു ഓഫ്‌ലൈൻ മൊബൈൽ ആപ്ലിക്കേഷനാണിത്. സിഎംഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എന്യൂമറേറ്റർമാർക്ക് മാത്രമേ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയൂ. പരമ്പരാഗത പേപ്പർ ജോലികൾ ഒഴിവാക്കി, ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് സെർവറിലേക്ക് അയക്കാൻ ഈ ആപ്പ് സഹായിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ ആപ്പിലൂടെയാണ് എല്ലാ ഹൗസ് ലിസ്റ്റിങ് വിവരങ്ങളും ശേഖരിക്കുക. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്ലിക്കേഷൻ 16 പ്രാദേശിക ഭാഷകളിൽ പ്രവർത്തിപ്പിക്കാം.
3. സെൽഫ് എന്യൂമറേഷൻ (എസ്ഇ) പോർട്ടൽ: ഇതാദ്യമായാണ് പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്. ഫീൽഡ് പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു വീട്ടിലെ യോഗ്യരായ അംഗങ്ങൾക്ക് അവരുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ പ്രാപ്തമാക്കുന്ന സുരക്ഷിതമായ ഒരു വെബ് അധിഷ്ഠിത സംവിധാനമാണിത്. വിവരങ്ങൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു പ്രത്യേക സെൽഫ് എന്യൂമറേഷൻ ഐഡി (എസ്ഇ ഐഡി) ലഭിക്കും. ഈ സെൽഫ് എന്യൂമറേഷൻ ഐഡി എന്യൂമറേറ്റർക്ക് നല്കുന്നതിലൂടെ എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താം.
4. സെൻസസ് മാനെജ്മെന്‍റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (സിഎംഎംഎസ്) പോർട്ടൽ: ഭരണപരമായ എല്ലാ തലങ്ങളിലും സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും നടപ്പിലാക്കാനും നിരീക്ഷിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കേന്ദ്രീകൃത വെബ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് സെൻസസ് പുരോഗതിയും ഫീൽഡിലെ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാൻ ഇതിലെ സംയോജിത ഡാഷ് ബോർഡ് വഴി സാധിക്കും.
2027ലെ സെൻസസിന് കീഴിൽ, വീടുവീടാന്തരം കയറി സുരക്ഷിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും സമ്പൂർണ കവറേജ് ഉറപ്പാക്കുകയും ചെയ്യും. 2027ലെ സെൻസസിനായി രാജ്യത്തുടനീളം 30 ലക്ഷത്തിലധികം എന്യൂമറേറ്റർമാരേയും സൂപ്പർവൈസർമാരേയും മറ്റ് സെൻസസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും.
സാങ്കേതികവിദ്യയുടെ ഈ കൃത്യമായ സ്വീകരണം നവീകരണത്തേയും എല്ലാവരേയും ഉൾക്കൊള്ളുന്ന സ്വഭാവത്തേയും ഒരുപോലെ സംയോജിപ്പിക്കുന്നു. ഇത് 2027ലെ സെൻസസ് കൃത്യതയുള്ളതും സുരക്ഷിതവും സമഗ്രവുമായിരിക്കുമെന്ന് ഉറപ്പാക്കുന്നു.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായി:
ഒന്നാം ഘട്ടം: ഹൗസ് ലിസ്റ്റിങ്ങും ഭവന സെൻസസും (എച്ച്എൽഒ). ഈ ഘട്ടത്തിൽ, വീടുകളുടെ അവസ്ഥയെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ഓരോ വ്യക്തിയുടേയും ജനസംഖ്യാപരവും സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ രേഖപ്പെടുത്തും.
ഒന്നാം ഘട്ടത്തിനായുള്ള വിജ്ഞാപനം 2026 ജനുവരി 7ന് പുറപ്പെടുവിച്ചു. ഹൗസ് ലിസ്റ്റിങ്ങും ഭവന സെൻസസും 2026 ഏപ്രിൽ 1നും സെപ്റ്റംബർ 30നും ഇടയിൽ, ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും നിശ്ചയിക്കുന്ന തുടർച്ചയായ 30 ദിവസത്തെ കാലയളവിൽ നടത്തും. വീടുവീടാന്തരമുള്ള സർവെയ്ക്ക് മുൻപായി താൽപ്പര്യമുള്ളവർക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനായി 15 ദിവസത്തെ കാലയളവ് ഉണ്ടാകും.
രണ്ടാം ഘട്ടം: ജനസംഖ്യാ കണക്കെടുപ്പ് (പിഇ). ഇന്ത്യയിലുടനീളം ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള മറ്റു പ്രദേശങ്ങളിലും 2026 സെപ്റ്റംബറിലാകും കണക്കെടുപ്പ് നടക്കുക. സെൻസസിന്‍റെ രണ്ടാം ഘട്ടത്തിൽ ജാതി സംബന്ധമായ ചോദ്യങ്ങളും ഉൾപ്പെടുത്തും.
2027ലെ സെൻസസിന്‍റെ റഫറൻസ് തീയതി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 2027 മാർച്ച് ഒന്നിന് രാത്രി 12 മണിയായിരിക്കും. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള മറ്റു പ്രദേശങ്ങളിലും റഫറൻസ് തീയതി 2026 ഒക്റ്റോബർ ഒന്നിന് രാത്രി 12 മണിയായിരിക്കും.