

വേറെ രക്ഷയില്ല! കടുവകളെ മുഖംമൂടികാട്ടി പേടിപ്പിക്കാൻ വനം വകുപ്പ്
ബംഗളൂരു: കടുവ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ മുഖംമൂടി പരീക്ഷണവുമായി വനംവകുപ്പ്. ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിലെ ഗ്രാമീണർക്കാണ് മുഖംമൂടി വിതരണം ചെയ്യുന്നത്. ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയുടെ സാന്നിധ്യം ഏറിയതോടെയാണ് ബംഗാളിലെ സുന്ദർബൻസ് തീരത്ത് വിജയിച്ച മുഖംമൂടി പരീക്ഷണം ഇവിടെയും കൊണ്ടുവന്നത്.
കൃഷിപ്പണിക്കും കാലികളെ മേയ്ക്കാനും പോകുന്നവർ തലയുടെ പിറകിലാണ് മുഖംമൂടി ധരിക്കേണ്ടത്. കടുവകൾ സാധാരണയായി പിന്നിൽനിന്നാണ് ആക്രമിക്കുക. മനുഷ്യമുഖം കാണുമ്പോൾ കടുവ ആക്രമണത്തിൽനിന്ന് പിന്തിരിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ആദ്യഘട്ടത്തിൽ 10,000 മുഖംമൂടികളാണു തയാറാക്കിയത്. വനത്തിന് അരികെ താമസിക്കുന്നവർക്ക് ഇത്തരം മുഖംമൂടികൾ വനംവകുപ്പ് നൽകിത്തുടങ്ങി. കടുവ പോലുള്ള വന്യമൃഗങ്ങളുമായി ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ചെറിയ ചിത്രീകരണവും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.