അസമിലെ ഹൈവേയിൽ ഇനി വിമാനമിറങ്ങും | Video

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതാദ്യമാണു വിമാനമിറക്കാൻ കഴിയുന്ന ദേശീയപാത. പ്രതിരോധ ഭൂപടത്തിൽ അസമിന്‍റെ സ്ഥാനം കരുത്തുറ്റതാക്കുന്നതാണു പദ്ധതി.

ഗോഹട്ടി: അടിയന്തര സാഹചര്യങ്ങളിൽ വിമാനമിറക്കാൻ റൺവേയായി ഉപയോഗിക്കാനാകുന്ന ദേശീയ പാത 127ലെ ദിബ്രുഗഡ് - മൊറാൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം രാഷ്‌ട്രത്തിനു സമർപ്പിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതാദ്യമാണു വിമാനമിറക്കാൻ കഴിയുന്ന ദേശീയപാത. പ്രതിരോധ ഭൂപടത്തിൽ അസമിന്‍റെ സ്ഥാനം കരുത്തുറ്റതാക്കുന്നതാണു പദ്ധതി.

ദേശീയ പാതയോടു ചേർന്നാണു 30 മീറ്റർ വീതിയുള്ള റൺവേ. പ്രധാനമന്ത്രിയുടെ വിമാനം ഇവിടെ ഇറക്കി ഉദ്ഘാടനം ചെയ്യാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. നിലവിൽ എയർ സ്ട്രിപ്പ് എല്ലാ പരിശോധനകളും പൂർത്തിയാക്കി വിമാനത്തെ സ്വീകരിക്കാൻ സജ്ജമാണ്. തൊട്ടടുത്തുതകൂടി റോഡ് ഗതാഗതവും സുഗമമായി നടക്കുന്നു.

വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യത്തിനു വേണ്ടി ഇവിടെ റോഡിനു നടുവിലെ ഡിവൈഡർ നീക്കിയിട്ടുണ്ട്. മനുഷ്യരോ അലഞ്ഞുതിരിയുന്ന മൃഗങ്ങളോ കയറാതിരിക്കാൻ ഇരുവശത്തും വേലി സ്ഥാപിച്ചു. പ്രദേശത്തെ താത്കാലിക കടകൾ അടപ്പിച്ചു. പ്രദേശത്തിന്‍റെ ദീർഘകാലമായുള്ള ആഗ്രഹമാണു സഫലമായതെന്ന് ദിബ്രുഗഡിലെ മുതിർന്ന ബിജെപി നേതാവ് പ്രാഗ്ദത്ത. ഫെബ്രുവരി 14ന് പ്രധാനമന്ത്രി അസം സന്ദർശിക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നാലര കിലോമീറ്റർ നീളത്തിലാണ് എയർ സ്ട്രിപ് നിർമിച്ചിരിക്കുന്നത്. ദിബ്രുഗഡ് വിമാനത്താവളത്തിൽ വ്യോമഗതാഗതത്തിന് തടസം നേരിട്ടാൽ ഹൈവേയിലെ എയർസ്ട്രിപ് ഉപയോഗിക്കാനാകും. യുദ്ധ സാഹചര്യങ്ങളിൽ സുഖോയ് എസ്‌യു 30എംകെഐ, റഫാൽ, മിഗ് 29, തേജസ്, സി 130 ഹെർക്കുലീസ്, എഎൻ 32 തുടങ്ങിയ വിമാനങ്ങളും ഇറക്കാനാകും.

യുഎസും ഇസ്രയേലുമടക്കം രാജ്യങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ വിമാനമിറക്കാനാകുന്ന ഹൈവേകൾ നിർമിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടർന്നാണ് ഇന്ത്യയുടെയും നീക്കം. നിലവിൽ രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇത്തരം ഹൈവേകളുണ്ട്. 2020ലാണ് ഇവ പ്രവർത്തന സജ്ജമായത്. ചൈനയുമായി അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദിബ്രുഗഡിലെ വിമാനമിറക്കാൻ കഴിയുന്ന ഹൈവേക്ക് ഏറെ പ്രാധാന്യമുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ പ്രകൃതി ദുരന്തങ്ങൾ പതിവായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിലും പുതിയ സംവിധാനം നിർണായകമാകും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com