
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽവച്ചാണ് ഭീകരരെ പൊലീസും സൈന്യവും ചേര്‍ന്ന് വധിച്ചത്. കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടൽ ആരംഭിച്ചതിൻ്റെ തുടക്കത്തില്‍ രണ്ടുപേരെയും പിനീട് മൂന്ന് പേരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഇവർ ലഷ്‌കര്‍ ഭീകരരാണെന്ന് തെളിയുകയായിരുന്നു. അതേസമയം നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രാദേശിക റിക്രൂട്ട്മെന്‍റുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ എണ്ണം വീണ്ടും വര്‍ധിച്ചു വരികയാണ്. ഈ വര്‍ഷം കേന്ദ്രഭരണപ്രദേശത്ത് കൊല്ലപ്പെട്ട 46 ഭീകരരില്‍ 37 പേര്‍ പാകിസ്ഥാനികളാണെന്നും ഒമ്പത് പേര്‍ മാത്രമാണ് തദ്ദേശീയരെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ 33 വര്‍ഷത്തെ ഭീകരാക്രമണങ്ങള്‍ക്കിടെ, ഇതാദ്യമായാണ് തദ്ദേശീയ ഭീകരരുടെ നാലിരട്ടി വിദേശ ഭീകരര്‍ കൊല്ലപ്പെടുന്നതെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.