
മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു
പട്‌ന: രാജ്യത്ത് മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത. ബീഹാറിലെ പൂർണിയയിൽ ഒരു കുടുംബത്തിലെ 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു. ഇവർ ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണങ്ങൾക്കു ഇവരാണെന്നും ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാബുലാല്‍ ഒറാവോണ്‍ (50), ഭാര്യ സീതാദേവി (45), മകൻ മഞ്ജീത് ഒറാവോണ്‍ (25), ഭാര്യ റാനിയ ദേവി (22), അമ്മ കാന്തോ ദേവി (70) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 250ഓളം വരുന്ന ആള്‍ക്കൂട്ടം 5 പേരെയും ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുടുംബത്തിലെ 16 കാരന്‍ മാത്രം ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് നടുക്കുന്ന സംഭവം പറംലോകം അറിയിന്നത്. ഗ്രാമവാസികളെല്ലാം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ട ഈ കുട്ടി പൊലീസിനോടു പറഞ്ഞു.
സംഭവത്തില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ 4 പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായും സംഭവം നടന്നത് ഒരു ആദിവാസി ഗ്രാമത്തിലാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. കൂട്ടക്കൊലയിൽ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുടുതല്‍ പ്രതികള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.