തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ? വാഗ്ദാനം ചെയ്തത് 35 കോടി !

എം.കെ. സ്റ്റാലിന്റെയും ഉദയനിധി സ്റ്റാലിന്റെയും നിര്‍ദ്ദേശപ്രകാരമാണ് നീക്കമെന്ന് ടിവികെ
Tamil Nadu Chief Minister Joseph Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌

Updated on

ചെന്നൈ: പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളെ തകര്‍ത്തെറിഞ്ഞ് തമിഴ്‌നാട്ടില്‍ അധികാരം പിടിച്ച ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തകര്‍ത്തുവെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

വിജയ് നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ ടിവികെയുടെ 15 എംഎല്‍എമാരെ രാജിവപ്പിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടന്നതായി രഹസ്യവൃത്തങ്ങള്‍ പറയുന്നു. ഇതുസംബന്ധിച്ച് ഉത്തന്‍ഗരെ ടിവികെ എംഎല്‍എ എന്‍. ഇളയരാജയുടെ പരാതിയില്‍ ചെന്നൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരന്‍ അടക്കം മൂന്നു പേരെ അറസ്റ്റുചെയ്തു. അന്വേഷണത്തില്‍ ഇവര്‍ക്ക് ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ചെന്നൈയില്‍ നിന്നാണ് കണ്‍സള്‍ട്ടന്‍സി ജീവനക്കാരനെ അറസ്റ്റുചെയ്തത്. കരൂരില്‍ നിന്നാണ് മറ്റു രണ്ടു പേര്‍ പിടിയിലായത്.

ടിവികെ നേതാവായ തമിഴ്‌നാട് സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകറിനെതിരായ അവിശ്വാസ പ്രമേയത്തിനു പിന്തുണ നല്‍കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ടിവികെ എംഎല്‍എ ഇളരാജയുടെ ആരോപണം. അറസ്റ്റിലായവരില്‍ ഒരാള്‍ സെന്തില്‍ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരന്‍ അശോകുമായും അടുത്ത ബന്ധമുള്ളയാളാണ്.

വിഷയത്തില്‍ തമിഴ്‌നാട് മന്ത്രി സി.ടി. നിര്‍മല്‍ കുമാര്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. സംഭവത്തില്‍ സെന്തില്‍ ബാലാജിയുമായി ബന്ധമുള്ള വ്യക്തികളും 'കരൂര്‍ സംഘ'ത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എഐഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുമായി ചേര്‍ന്ന് ഡിഎംകെ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒട്ടേറെ ടിവികെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എം.കെ. സ്റ്റാലിന്റെയും ഉദയനിധി സ്റ്റാലിന്റെയും നിര്‍ദ്ദേശപ്രകാരം സെന്തില്‍ ബാലാജിയെ പോലുള്ളവര്‍ തങ്ങളുടെ എംഎല്‍എമാരെ ബന്ധപ്പെടുകയാണ്. 10 കോടി, 20 കോടി, 50 കോടി എന്നിങ്ങനെയാണ് പണം വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com