

പ്രതീകാത്മക ചിത്രം
ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച് വച്ചിരുന്ന 50 ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ) ഷെല്ലുകൾ സുരക്ഷാസേന കണ്ടെടുത്തു. ബുധനാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിൽ ദൗത്യത്തിനിടെയാണ് വെടിക്കോപ്പുകൾ കണ്ടെടുത്തത്. പൂജാരി കാങ്കർ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവച്ച ആയുധശേഖരം സുരക്ഷാസേന കണ്ടെത്തുകയായിരുന്നു.
മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പൊലീസ് പതിവായി തെരച്ചിൽ നടപടികൾ നടത്തിവരികയാണ്. സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ ക്യാംപിലോ അറിയിക്കണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർഥിച്ചു. ഇത്തരം വസ്തുക്കൾ തൊടരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നവംബർ അഞ്ചിന് കരേഗുട്ട കുന്നുകൾക്ക് സമീപത്ത് നിന്ന് മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവച്ച 711 ബിജിഎൽ ഷെല്ലുകൾ സുരക്ഷാസേന കണ്ടെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ഇതേ ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 900 ഇലക്ട്രോണിക്, നോൺ-ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
ഈ വർഷം മാർച്ച് 31-ന് ഛത്തീസ്ഗഢിനെ സായുധ മാവോയിസ്റ്റ് സാന്നിധ്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബസ്തർ മേഖലയിലെ ബിജാപുർ ഉൾപ്പെടെ ഏഴ് ജില്ലകളിലും മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവച്ച ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനായി സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.