
ഗാസിയാബാദ്: യോഗി ആദിത‍്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ ദിവസവും 50,000 പശുക്കൾ കശാപ്പുചെയ്യപ്പെടുന്നുവെന്ന് ബിജെപി എംഎൽഎ നന്ദികിഷോർ ഗുജ്ജർ. പശുക്കളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ഉദ‍്യോഗസ്ഥർ വിഴുങ്ങുകയാണെന്നും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ‍്യമന്ത്രിയുടെ അറിവോടെയാണോ ഇത് നടക്കുന്നതെന്നും ഗുജ്ജർ ചോദിച്ചു. അഴമതിക്കാരായ ഉദ‍്യോഗസ്ഥർക്കെതിരേ നടപടിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 403-ൽ 375 സീറ്റ് നേടി ബിജെപിക്ക് വീണ്ടും അധികാരത്തിൽ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി അനിയന്ത്രിതമായി തുടരുകയാണെങ്കിൽ ബിജെപി സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം പോലും തിരിച്ച് കിട്ടില്ലെന്നും ഗുജ്ജാർ പറഞ്ഞു. 'നമ്മുടെ സർക്കാരിന് കീഴിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു. ഈ ഉദ്യോഗസ്ഥർ പശുക്കളുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. ഇതിനർഥം എല്ലായിടത്തും കൊള്ളയുണ്ടെന്നാണ്. ഇവരുടെയെല്ലാം തലവൻ ചീഫ് സെക്രട്ടറിയാണ് ഈ വിഷയം മുഖ‍്യമന്ത്രിയുടെ അടുത്തെത്തിക്കണം'. നന്ദകിഷോർ ഗുജ്ജർ പറഞ്ഞു.