റോഡപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 51.45 ലക്ഷം രൂപ നഷ്ടപരിഹാരം

30 ദിവസത്തിനകം ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽ‌കണം
₹51.45 lakh compensation for the family of a young man who died in a road accident.

റോഡപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 51.45 ലക്ഷം രൂപ നഷ്ടപരിഹാരം

Updated on

ന്യൂഡൽഹി: 2022ൽ ഉത്തർപ്രദേശിലുണ്ടായ റോഡപകടത്തിൽ മരിച്ച യുവാവിന്‍റെ കുടുംബത്തിന് 51.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. കാറിടിച്ച് മരിച്ച ഷൗക്കിന്‍റെ (30) കുടുംബം നൽകിയ ഹർജിയിലാണ് പ്രിസൈഡിങ് ഓഫീസർ വീരേന്ദർ സിങ് ഉത്തരവിട്ടത്. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഇൻഷുറൻസ് കമ്പനിയായ ഐഎഫ്എഫ്സിഒ ടോകിയോ ജനറൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽകണം.

യുവാവിന്‍റെ ഭാര്യ, നാല് പ്രായപൂർത്തിയാകാത്ത മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് നഷ്ടപരിഹാരം നൽകേണ്ടത്. വാഹനം ഓടിച്ചിരുന്ന എതിർകക്ഷിയുടെ ഗുരുതരമായ അശ്രദ്ധയും വീഴ്ചയുമാണ് അപകടത്തിന് കാരണമെന്ന് ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. 30 ദിവസത്തിനകം ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽ‌കണം. വീഴ്ച വരുത്തിയാൽ വൈകുന്ന കാലയളവിൽ 12 ശതമാനം വാർഷിക പലിശ നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.

2022 ഏപ്രിൽ 11ന് ബറൗത്തിൽ നിന്ന് തന്‍റെ ഗ്രാമമായ ഹാതനയിലെ സുൽത്താൻപൂരിലേക്ക് ടെംപോയിൽ യാത്ര ചെയ്യുകയായിരുന്നു ഷൗക്കിൻ. അതിവേഗത്തിൽ റോഡിന്‍റെ തെറ്റായ വശത്ത് കൂടിയ എത്തിയ കാർ ടെംപോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷൗക്കിൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

ഷൗക്കിനാണ് ടെംപോ ഓടിച്ചിരുന്നതെന്നും അപകടത്തിൽ 50 ശതമാനം ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രൈബ്യൂണൽ തള്ളി. സാഹിബ ക്രിയേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ഷൗക്കിൻ. പ്രതിമാസം 19,500 രൂപയായിരുന്നു ശമ്പളം.

logo
Metro Vaartha
www.metrovaartha.com