
ചുമയുടെ സിറപ്പ് കുടിച്ച് അഞ്ചു വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം
ജയ്പുർ: രാജസ്ഥാനിൽ ചുമയ്ക്കുള്ള മരുന്ന് കുടിച്ച് അഞ്ച് വയസുള്ള കുട്ടി മരിച്ചു. സികാർ ജില്ലയിലെ ഖോരി പ്രദേശത്താണ് സംഭവം. രാജസ്ഥാൻ സർക്കാരിന്‍റെ സൗജന്യ ഔഷധ പദ്ധതി വഴി വിതരണം ചെയ്ത മരുന്നാണ് നിതീഷ് കുടിച്ചത്.
പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് മരുന്ന് കുടിക്കുകയും പിന്നീട് ആരോഗ്യ നില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഇതേ മരുന്ന് കുടിച്ച അജീത്ഘഡ് മേഖലയിലുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ രോഹിതാസ് കുമാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് രാജസ്ഥാൻ മെഡിക്കൽ സർവീസ് കോർപ്പറേഷൻ സിറപ്പിന്‍റെ വിൽപ്പന നിരോധിച്ചതായും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും അറിയിച്ചു.