

വാഹനം ഇടിച്ചുകയറി; ഡൽഹിയിൽ 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറി ആറ് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവ ആറു പേരും സ്ത്രീകളാണ്. ഒരു പുരുഷൻ ഉൾപ്പെടെ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ആണ് അപകടമുണ്ടാക്കിയത്.
ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പുർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10ന് തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.
സംഭവത്തിനു പിന്നാലെ വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. പരുക്കേറ്റ തൊഴിലാളികളെ മണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ലെന്നും വാഹനത്തിന്‍റെ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഫിറോസ്പൂർ ജിർക്ക ഡിഎസ്പി അജൈബ് സിങ് അറിയിച്ചു.