ചുമയ്ക്കുള്ള സിറപ്പ് കുടിച്ചു; മധ്യപ്രദേശിൽ 6 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

മുന്‍കരുതല്‍ നടപടിയായി സിറപ്പ് വിറ്റ മെഡിക്കല്‍ സ്റ്റോര്‍ താത്കാലികമായി അടച്ചുപൂട്ടി
6 months old baby died after give cough syrup in madhya pradesh

ചുമയ്ക്കുള്ള സിറപ്പ് കുടിച്ചു; മധ്യപ്രദേശിൽ 6 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

file image

Updated on

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രോഹി മിനോട്ട് എന്ന കുഞ്ഞിന് പനിയും ജലദോഷവും അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബം ഒരു പ്രാദേശിക മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ആയുര്‍വേദ ചുമ സിറപ്പ് വാങ്ങി നല്‍കുകയായിരുന്നു. ഡോക്റ്ററെ കണ്‍സല്‍റ്റ് ചെയ്യാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുകയായിരുന്നു. നാല് ദിവസത്തിനു ശേഷം കുഞ്ഞിന്‍റെ നില വഷളായി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. ചികിത്സയ്ക്കിടെ കുഞ്ഞ് മരിക്കുകയും ചെയ്തു.

സിറപ്പ് കഴിച്ചതിനാലാണ് കുഞ്ഞിന്‍റെ ആരോഗ്യനില വഷളായതെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അശ്രദ്ധയും മരണകാരണമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ് ഇന്‍സ്‌പെക്റ്റര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍, മറ്റൊരു ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയായി സിറപ്പ് വിറ്റ മെഡിക്കല്‍ സ്റ്റോര്‍ താത്കാലികമായി അടച്ചുപൂട്ടി. ചിന്ദ്വാര ജില്ലയില്‍ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച 24 കുട്ടികളുടെ ജീവന്‍ അപഹരിച്ച സംഭവം ഈയടുത്ത കാലത്ത് വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. 24 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com