
മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി
നാഗ്പുർ: മഹാരാഷ്ട്രയിൽ മുതിർന്ന നേതാവ് അടക്കം 61 നക്‌സൽ പ്രവർത്തകർ ഒറ്റ ദിവസം പൊലീസിന് മുന്നിൽ കീഴടങ്ങി. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റി അംഗവും പത്ത് മേഖലാ കമ്മിറ്റി അംഗങ്ങളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് ഗഡ്ചിരോളി ജില്ലയിലെ മാവോയിസ്റ്റുകൾ സംഘമായെത്തി പൊലീസിന് മുന്നിൽ ആയുധംവച്ച് കീഴടങ്ങിയത്. മുതിർന്ന നക്സൽ നേതാവായ ഭൂപതി എന്നറിയപ്പെടുന്ന മല്ലൊജുല വേണുഗോപാലും കീഴടങ്ങിയവരിൽപ്പെടുന്നു.
മാവോയിസ്റ്റ് സംഘടനയിൽ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന നേതാവാണ് ഭൂപതി. സംഘടനയിൽ തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതും ഭൂപതിയായിരുന്നു. മഹാരാഷ്ട-ചത്തീസ്ഗഢ് അതിർത്തിയിലെ ദൗത്യങ്ങൾക്കും മേൽനോട്ടംവഹിച്ചിരുന്നു. സമീപ കാലത്തായി ഭൂപതിയും മറ്റ് മാവോയിസ്റ്റ് നേതാക്കളും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. മാവോയിസ്റ്റുകൾക്കുള്ള ജനപിന്തുണ കുറഞ്ഞെന്നും സായുധ സമരം പരാജയപ്പെട്ടെന്നും വിലയിരുത്തിയ ഭൂപതി സമവായത്തിന്‍റെയും സമാധാനത്തിന്‍റെയും പാത തെരഞ്ഞെടുക്കാൻ സഹപ്രവർത്തകരോട് അഭ്യർഥിക്കുകയുമുണ്ടായി. എന്നാൽ ഒരു വിഭാഗം മാവോയിസ്റ്റുകൾ ഭൂപതിയെ അനുകൂലിച്ചിരുന്നില്ല.
സംഘടനയുടെ കേന്ദ്ര കമ്മിറ്റിയുടെ സമ്മർദത്തെ തുടർന്നാണ് ഭൂപതിയും സംഘവും കീഴടങ്ങിയതെന്ന് ഗഡ്ചിരോളി പൊലീസ് പറഞ്ഞു. അടുത്തിടെ ഗഡ്ചിരോളി ജില്ലയിൽ മാവോയിസ്റ്റുകൾ സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കുന്നത് തുടരുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഭൂപതിയുടെയും അനുയായികളുടെയും കീഴടങ്ങൽ. വർഷാദ്യം ഭൂപതിയുടെ ഭാര്യ തരാക്കയും മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചിരുന്നു.