

ചിക്കൻസ് നെക്കിൽ 12അടി ഉയരമുള്ള സ്മാർട്ട് മതിൽ സ്ഥാപിച്ച് മോദി സർക്കാർ
file photo
ചിക്കൻസ് നെക്കിൽ 12അടി ഉയരമുള്ള സ്മാർട്ട് മതിൽ സ്ഥാപിച്ച് മോദി സർക്കാർ, നീക്കം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി. ചിക്കൻസ് നെക്കിലെ കള്ളക്കടത്തു ശൃംഖലകളെ തകർക്കാൻ ബിഎസ്എഫ് ടീമുകളുടെ റെയ്ഡുകൾ ശക്തമാക്കി ബംഗ്ലാദേശിൽ വർധിച്ചു വരുന്ന അശാന്തിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മോദി സർക്കാർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇന്ത്യയുടെ തന്ത്രപരമായി നിർണായകമായ ചിക്കൻസ്നെക്ക്( സിലിഗുരി ഇടനാഴി) മേഖലയിൽ അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) പുതിയ രീതിയിലുള്ള അതിർത്തി വേലി സ്ഥാപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഏതാണ്ട് 75 ശതമാനം മേഖലയിലും ഇത്തരം പുതിയ അതിർത്തി വേലികൾ സ്ഥാപിച്ചു. ഏറെ സെൻസിറ്റീവായ പ്രദേശങ്ങളിലാണ് 12 അടി ഉയരമുള്ള പുതിയ വേലി സ്ഥാപിച്ചിരിക്കുന്നത്. തന്നെയല്ല, പ്രാദേശിക ആധിപത്യ പദ്ധതികളിലും കാര്യമായ മാറ്റങ്ങൾ വരുത്തി.
പുത്തൻ പദ്ധതിപ്രകാരം ബംഗ്ലാദേശ്- ഇന്ത്യ അതിർത്തിയിൽ കന്നുകാലികളുമായി അതിർത്തി കടത്തലിനായി വരുന്നവരെ ലക്ഷ്യമിടുകയാണ് ബിഎസ്എഫ്. കള്ളക്കടത്തു ശൃംഖലകളെ തന്നെ തകർക്കുകയാണ് ബിഎസ്എഫിന്‍റെ ലക്ഷ്യം. അതിനായി ഇന്ത്യൻ പ്രദേശത്തിനുള്ളിൽ നിരവധി കിലോമീറ്ററുകളിലാണ് ബിഎസ്എഫ് സംഘങ്ങൾ റെയ്ഡുകൾ നടത്തുന്നത്. ഈ വേലി മുറിച്ചുകടക്കാൻ നിരവധി മിനിറ്റുകൾ എടുക്കും, അതിന്റെ ഉയരവും ഘടനയും കടക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഈ ക്രമീകരണം നുഴഞ്ഞുകയറ്റ ശ്രമങ്ങളും കന്നുകാലി കള്ളക്കടത്ത് പോലുള്ള സംഭവങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഈ പ്രക്രിയയുടെ ഭാഗമായി പിടിക്കപ്പെട്ട വ്യക്തികളുടെ വിരലടയാളങ്ങളും വ്യക്തിഗത രേഖകളും ബിഎസ്എഫ് ബോർഡർ ഗാർഡ് ബംഗ്ലാദേശു(ബിജിബി)മായി പങ്കിടുകയും ഇത്തരത്തിൽ പിടിച്ചവരെ കൈമാറുകയും ചെയ്തു. ഇത്തരത്തിൽ പിടിച്ചവർക്ക് ഏതെങ്കിലും ക്രിമിനൽ, ദേശവിരുദ്ധ രേഖകൾ ഉള്ളവരാണോ എന്ന പരിശോധനയുടെ ഭാഗമാണ് ഇതെല്ലാം.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ കന്നുകാലികൾ, സ്വർണം, വെള്ളി, വന്യജീവി ഉൽപന്നങ്ങൾ, ആയുധങ്ങൾ, വെടിമരുന്ന്, മറ്റു കള്ളക്കടത്ത് വസ്തുക്കൾ എന്നിവ ഉൾപ്പടെ ഏതാണ്ട് 85 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്ത് വസ്തുക്കളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. ഈ കാലയളവിൽ മാത്രം കള്ളക്കടത്തുകാരും കൊള്ളക്കാരും ഉൾപ്പടെ 440 ബംഗ്ലാദേശികളും 152 ഇന്ത്യക്കാരും മറ്റു പതിനൊന്നു വ്യക്തികളെയുമാണ് ബിഎസ്എഫ് അറസ്റ്റ് ചെയ്തത്.
ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 187 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് ബിജിബിയ്ക്ക് കൈമാറി. ചിക്കൻസ് നെക്ക് മേഖലയുടെ സുരക്ഷ എക്കാലത്തും ഉറപ്പാക്കിക്കൊണ്ട് വേലി കവറേജ് വിപുലീകരിച്ചും സാങ്കേതിക നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയും പ്രാദേശിക സമൂഹങ്ങളുടെ സഹകരണത്തോടെ അതിർത്തി കുറ്റകൃത്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കിയും മുന്നോട്ടു പോകുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.