
ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണു; കുട്ടികളുൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 7 മരണം. ഹരിനഗറിലാണ് ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 3 പുരുഷന്മാരും 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
കനത്ത മഴയിൽ ദുർബലമായ മതിൽ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതിനടിയിൽ കുടുങ്ങിയവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് വിവരം. ഡൽഹിയിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ തുടർച്ചയായി പെയ്തിരുന്നു. ഇതാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് അധികാരികൾ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പനുസരിച്ച് ഡൽഹിയിൽ ശനിയാഴ്ച റെഡ് അലർട്ടാണ്. നിരവധി വിമാന സർവീസുകളെയും മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസമുണ്ടായിട്ടുണ്ട്.