
സൂറത്ത്: 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ സൂറത്തിലെ പാലൻപൂർ പാട്യയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന ഫർണിച്ചർ വ്യവസായിയുടെ കുടുംബത്തിലെ 7 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബിസിനസുകാരനായ മഹേഷ് സോളങ്കി തന്‍റെ മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിഷം കൊടുത്ത ശേഷം തൂങ്ങി മരിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മനീഷ് സോളങ്കി (35), ഭാര്യ റീത്ത (32), മക്കളായ ദിശ (7), കാവ്യ (5), ഖുഷാൽ (3) മനീഷിന്‍റെ മാതാപിതാക്കളായ കാന്തിലാൽ സോളങ്കി (65), അമ്മ ശോഭന (60) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടമരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
സൂറത്തില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുന്നയാളാണ് മനീഷ്. ഇദ്ദേഹത്തിന്‍റെ കീഴില്‍ 35-ഓളം ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാര്‍ മനീഷിനെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാരും നാട്ടുകാരും ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങൾ ന്യൂ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.