
പത്താം ക്ലാസ്, പ്ലസ്‌ടു വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധം
ന്യൂഡൽഹി: അടുത്ത വർഷം പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ 75% ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഉത്തരവിറക്കി. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവർ, ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍, മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ എന്നിവർക്ക് 25% ഇളവ് ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകൾ സമർപ്പിക്കണം.
ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. അല്ലാത്ത പക്ഷം അനധികൃത അവധിയായി പരിഗണിക്കും.
മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാര്‍ഥികളെ നോണ്‍ അറ്റന്‍ഡിങ് അല്ലെങ്കില്‍ ഡമ്മി കാൻഡിഡേറ്റായി വേര്‍തിരിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ രേഖകള്‍ സൂക്ഷിക്കണം.
ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികാരിയും ഒപ്പുവയ്ക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്‌കൂളുകള്‍ അറിയിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു.