

7.65 രൂപ മോഷ്ടിച്ചു; പരാതിക്കാരനേയും രണ്ട് പ്രതികളേയും കണ്ടെത്താനായില്ല, 1977ലെ കേസ് എഴുതിത്തള്ളി
മുംബൈ: 7.65 രൂപ മോഷ്ടിച്ച കേസ് 49 വർഷത്തിന് ശേഷം എഴുതിത്തള്ളി. മുംബൈയിലെ മസ്ഗാവ് കോടതിക്ക് മുന്നിലുള്ള അരനൂറ്റാണ്ട് മുന്നത്തെ കേസിനാണ് അവസാനം തീർപ്പായത്. അജ്ഞാതരായ രണ്ടുപേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. 1977ൽ 2 പേർ ചേർന്ന് 7.65 രൂപ മോഷ്ടിച്ചെന്നായിരുന്നു കേസ്.
കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ താരതമ്യേന നിസ്സാരമായ കേസുകൾ എഴുതിത്തള്ളുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. കേസിൽ പ്രതിചേർക്കപ്പെട്ടവരേയും പരാതി നൽകിയ ആളെയും കണ്ടെത്താൻ പൊലീസ് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു പേലും വ്യക്തമാകാത്ത സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളിയത്.
ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് ആരതി കുൽക്കർണിയാണ് കേസ് പരിഗണിച്ചത്. അരനൂറ്റാണ്ടായി ഒരു പുരോഗതിയുമില്ലാതെ തുടരുന്ന കേസുമായി മുന്നോട്ട് പോകുന്നതിൽ അർഥമില്ലെന്ന് കോടതി വിലയിരുത്തി. മോഷണകുറ്റം ചുമത്തിയ രണ്ട് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, പിടിച്ചെടുത്ത ₹7.65 ഇരയ്ക്ക് തിരികെ നൽകാൻ ഉത്തരവിട്ടു. പരാതിക്കാരനെ കണ്ടെത്തിയില്ലെങ്കിൽ ആ പണം സർക്കാരിന്‍റെ അക്കൗണ്ടിലേക്ക് പോകുമെന്നും വിധിയിൽ പറയുന്നു.