

ഇന്ത്യൻ വ്യോമസേനയ്ക്ക് വീണ്ടും 114 റഫാൽ വിമാനങ്ങൾ കൂടി
file photo
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു പകരാൻ വീണ്ടും റഫാൽ യുദ്ധ വിമാനങ്ങൾ എത്തുന്നു. ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ അടുത്ത മാസം ഇന്ത്യ ഒപ്പു വയ്ക്കും.അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യ സന്ദർശിക്കുന്നതിന്‍റെ ഭാഗമായിട്ടാകും ഈ കരാറിൽ ഒപ്പു വയ്ക്കുക.
രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. കരാറിൽ ഇടനിലക്കാരില്ല. രണ്ടു രാജ്യങ്ങൾ തമ്മിലാണ് കരാറിൽ ഒപ്പു വയ്ക്കുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധ വിമാനങ്ങളുണ്ട്. 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ശുപാർശ കഴിഞ്ഞ വർഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് പ്രൊക്യുയർമെന്‍റ് ബോർഡ് ഈ ശുപാർശയ്ക്ക് അംഗീകാരം നൽകി. ബോർഡിന്‍റെ ശുപാർശ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്യുസിഷൻ കൗൺസിൽ(ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നൽകേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.