
ലിഞ്ചും
ഡൽഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ചർച്ചയ്ക്കായി യുഎസ് മുഖ്യ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘവും ഡൽഹിയിലെത്തി. അമെരിക്കയുടെ ദക്ഷിണ, മധ്യേഷ്യാ അസിസ്റ്റന്‍റ് വ്യാപാര പ്രതിനിധിയാണ് ബ്രെൻഡൻ ലിഞ്ച്.
ഓഗസ്റ്റ് അവസാനത്തോടെ നടക്കേണ്ടിയിരുന്ന ചർച്ചകൾ മാറ്റി വച്ചെങ്കിലും ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപടലിലൂടെ ഇന്ത്യയുടെ മുഖ്യ വ്യാപാര ചർച്ചാ വക്താവായ രാജേഷ് അഗർവാളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നിരവധി വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൂടിക്കാഴ്ചകൾ നടത്തുകയാണ് ഏഷ്യൻ മേഖലയിലെ 15 രാജ്യങ്ങളിലെ യുഎസ് വ്യാപാര നയത്തിനു മേൽനോട്ടം വഹിക്കുന്ന ലിഞ്ച്.
യുഎസ്-ഇന്ത്യ വ്യാപാര നയ ഫോറം(TPF) കൈകാര്യം ചെയ്യുന്നതും വ്യാപാര, നിക്ഷേപ ചട്ടക്കൂട് കരാറുകൾക്ക് (TIFA) കീഴിലുള്ള പ്രാദേശിക കരാറുകൾ ഏകോപിപ്പിക്കുന്നതും ലിഞ്ചിന്‍റെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുന്നു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവകൾ കാരണം പ്രതിസന്ധിയിലായ സ്വതന്ത്ര വ്യാപാര കരാറിന് ഒരു വഴിത്തിരിവ് ഉണ്ടാക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം.