
ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്.
ആഗോളതലത്തിൽ 46 ശതമാനം പേർക്കും ഇന്ത്യയോട് അനുകൂല നിലപാടാണ്. 34 ശതമാനത്തിനു വിരുദ്ധാഭിപ്രായമുണ്ട്. 16 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഇന്ത്യയോട് ഏറ്റവും അനുകൂല നിലപാട് സ്വീകരിച്ചത് ഇസ്രയേലാണ്. ഇവിടത്തെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നു. ഫെബ്രുവരി 20 മുതൽ മേയ് 22 വരെ 24 രാജ്യങ്ങളിലായി 30,861 പേരെ പങ്കെടുപ്പിച്ചാണു സർവെ നടത്തിയത്.
ഇന്ത്യയിലെ പത്തിൽ എട്ടു പേർക്കും മോദിയോട് അനുകൂല നിലപാടാണ്. ഇവരിൽ 55 ശതമാനത്തിനും മോദിയോട് പൂർണമായ അനുകൂല നിലപാടുണ്ട്. അഞ്ചിലൊന്ന് പേർ മാത്രമാണ് മോദിയോട് നിഷേധാത്മക നിലപാട് സ്വീകരിച്ചത്.