പുതുക്കിയ ജിഡിപി: ഡേറ്റ ആധാരമാക്കി തീരുമാനങ്ങൾ രൂപപ്പെടുത്തുന്ന കാലഘട്ടം

പുതിയ ഡിജിറ്റൽ ഡേറ്റ ഉറവിടങ്ങൾ ജിഡിപി കണക്കെടുപ്പിനെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
The era of data-driven decision-making

പുതുക്കിയ ജിഡിപി: ഡേറ്റ ആധാരമാക്കി തീരുമാനങ്ങൾ

symbolic image

Updated on

സൗരഭ് ഗർഗ്

പുതിയ അടിസ്ഥാന വർഷമായ 2022–23നെ ആധാരമാക്കിയുള്ള ജിഡിപി കണക്കുകൾ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം പുറത്തിറക്കി. പുതുക്കിയ അടിസ്ഥാനവർഷം സ്വീകരിച്ച ശേഷവും സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2023–24 മുതൽ 2025–26 വരെയുള്ള കാലയളവിൽ യഥാർഥ ജിഡിപി ശരാശരി 7%ത്തിലധികം വളർച്ച രേഖപ്പെടുത്തിയതും, അതേ കാലയളവിൽ നാമമാത്ര ജിഡിപി ശരാശരി 9%ത്തിലധികം വളർച്ച രേഖപ്പെടുത്തിയതും കണക്കുകളിൽ വ്യക്തമാണ്. 2025–26 സാമ്പത്തിക വർഷത്തിനായുള്ള രണ്ടാം മുൻകൂർ മതിപ്പ് കണക്കുകൾ (Second Advanced Estimates) പ്രകാരം യഥാർഥ ജിഡിപി 7.6% വളർച്ച രേഖപ്പെടുത്തിയപ്പോൾ നാമമാത്ര ജിഡിപി 8.6% വളർച്ചയാണ് രേഖപ്പെടുത്തിയത്.

അടിസ്ഥാനവർഷം പുതുക്കുന്നതിനുള്ള പ്രക്രിയയിൽ രീതിശാസ്ത്രപരമായ പരിവർത്തനവും പുതിയ ഡേറ്റ സ്രോതസുകളും സ്വീകരിച്ച പശ്ചാത്തലത്തിൽ ഈ കണക്കുകൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. ഡിഫ്ലേഷൻ (പണച്ചുരുക്കം -സാധനങ്ങളും സേവനങ്ങളും വില കുറയുന്ന അവസ്ഥ) കണക്കാക്കുന്നതിന് കൃത്യമായ രീതികൾ സ്വീകരിച്ചതും വാർഷിക സർവെ കണ്ടെത്തലുകൾ, വിപുലമായ അഡ്മിനിസ്ട്രേറ്റീവ് ഡേറ്റസെറ്റുകൾ അടക്കമുള്ള സമ്പന്നമായ ഡേറ്റ സ്രോതസുകളുടെ എന്നിവയുടെ സംയോജനവും സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയെ വ്യക്തമായി പ്രതിഫലിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി രീതിശാസ്ത്രത്തിൽ വ്യാപക താത്പര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് പ്രധാനമാണ്. സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പലപ്പോഴും ഇത് കാരണമായി.

പുതുക്കിയ ജിഡിപി കണക്കുകൾ കേവലം സ്ഥിതിവിവരക്കണക്കുകൾ എന്നതിലുപരി അനവധി കാര്യങ്ങൾ വെളിവാക്കുന്നു; ""വികസിത് ഭാരത്@2047'' എന്ന വിശാല ദർശനം സാക്ഷാത്ക്കരിക്കാനായി വിവിധ സർക്കാർ സംരംഭങ്ങളിലൂടെ നയങ്ങളെ എങ്ങനെ സ്പഷ്ടമായ മേഖലാ സ്വാധീനമാക്കി മാറ്റാമെന്ന് അവ നിശബ്ദമായി പ്രതിഫലിപ്പിക്കുന്നു.

2023–24 മുതൽ 2025–26 വരെയുള്ള വർഷങ്ങളിൽ നിർമാണ മേഖല ശരാശരി 11% വളർച്ച രേഖപ്പെടുത്തി. ഡബിൾ ഡീഫ്ലേഷൻ പോലുള്ള മെച്ചപ്പെടുത്തിയ രീതികളും പുതിയ ഡേറ്റ സ്രോതസുകളും ഈ മേഖലയിലെ യഥാർഥ വളർച്ചാ ഗതിയെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ സഹായിച്ചതിന്‍റെ വ്യക്തമായ ചിത്രം നൽകുന്നു. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production-Linked Incentive – PLI) ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ സർക്കാർ സജീവമായി നിലനിർത്തുന്ന വളർച്ചയുടെ സൂചനയാണിത്.

പുതിയ ഡേറ്റ ശ്രേണിയിൽ, മൊത്തം മൂല്യവർദ്ധനവിൽ കൃഷിയുടെ പങ്ക് വർദ്ധിച്ചതിന് കാരണം ഡീസൽ ഉപയോഗം കുറഞ്ഞതും ഉയർന്ന മൂല്യമുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും മൂല്യം ശരിയായി ഉൾപ്പെടുത്തിയതുമാണ്. ചെലവു കുറയുന്നതും, സർക്കാർ പ്രോത്സാഹനത്തിൽ കർഷകർ സൗരോർജ്ജ വൈദ്യുതി സ്വീകരിക്കുന്നതും, ഉയർന്ന മൂല്യമുള്ള കൃഷിയിലേക്കുള്ള നയാധിഷ്ഠിത പരിവർത്തനവും സൂചിപ്പിക്കുന്നതിനാൽ ഇവയെല്ലാം സ്വാഗതാർഹമായ സൂചനകളാണ്. ഇതിലൂടെ കാർഷിക ലാഭക്ഷമത, കർഷകരുടെ വരുമാനത്തിലെ വർധന എന്നിവ പ്രതിഫലിപ്പിക്കപ്പെടുന്നു.

ഇൻകോർപ്പറേറ്റഡ് സെക്റ്റർ എന്‍റർപ്രൈസസിന്‍റെ വാർഷിക സർവെ, പീരിയോഡിക് ലേബർ ഫോഴ്‌സ് സർവെ തുടങ്ങിയ പുതിയ സർവെ ഡേറ്റയുടെ ഉപയോഗം ജിഡിപി കണക്കുകൾ കൃത്യമാക്കാൻ സഹായിച്ചിട്ടുണ്ട്. വ്യാപാരം, ഗതാഗതം, മറ്റ് സേവനങ്ങൾ അടക്കമുള്ള അനൗപചാരിക സേവന മേഖലകളിലാണ് ഇതിന്‍റെ സ്വാധീനം കാണപ്പെടുന്നത്. മുമ്പ് ഇത്തരത്തിലുള്ള സംരംഭങ്ങളുടെ നേരിട്ടുള്ള കണക്കുകൾക്ക് പകരം ബഞ്ച്മാർക്ക് അടിസ്ഥാനത്തിലുള്ള അനുമാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.

ഉദാഹരണത്തിന്, വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം എന്നീ ഉപമേഖലകൾ 2023-24 മുതൽ 2025-26 വരെയുള്ള 3 വർഷം ശരാശരി 9% വളർച്ച രേഖപ്പെടുത്തി. മെച്ചപ്പെട്ട ഡേറ്റ ഉപയോഗത്തിന്‍റെ ഭാഗമായി സർവെകൾ ഉപയോഗിക്കുന്നതിലൂടെ അനൗപചാരിക മേഖലയെയും തൊഴിലാളികളുടെ ഉത്പാദനക്ഷമതയെയും കൂടുതൽ വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതാണ് ഇതിന് കാരണം; ഇതിലൂടെ കാലിക പ്രവണതകൾ കൂടുതൽ വ്യക്തമാകുന്നു. അതുപോലെ തന്നെ, പുതുക്കിയ ഡേറ്റ ഉറവിടങ്ങളുടെ ഉപയോഗം വീടുകളുടെ ഉടമസ്ഥതയിൽ വർധന രേഖപ്പെടുത്തുന്നു; ഇത് സർക്കാരിന്‍റെ ചെലവ് കുറഞ്ഞ ഭവന പദ്ധതികളുടെ ഗുണാത്മക ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നു.

പുതിയ ഡിജിറ്റൽ ഡേറ്റ ഉറവിടങ്ങൾ ജിഡിപി കണക്കെടുപ്പിനെ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. "ഡിജിറ്റൽ ഇന്ത്യ' പോലുള്ള സർക്കാർ പദ്ധതികളിലൂടെ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കിയതാണ് ഇവയിൽ പലതും. ഇ-വാഹൻ, എംജിടി-7 കോർപ്പറേറ്റ് റിട്ടേണുകൾ, ജിഎസ്ടി ഡേറ്റ, പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സിസ്റ്റം തുടങ്ങിയ ഡേറ്റ ബേസുകൾ ഇപ്പോൾ നേരിട്ട് ദേശീയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ജിഎസ്ടി ഡേറ്റ ത്രൈമാസ എസ്റ്റിമേറ്റുകളെ കൂടുതൽ കൃത്യമാക്കുകയും സംസ്ഥാന തിരിച്ചുള്ള വിഹിതം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന്‍റെ ഫലമായി ജിഡിപി കണക്കെടുപ്പ് കൂടുതൽ ശക്തവും ആഭ്യന്തരമായി ഏകോപിതവുമായ ഒരു സംവിധാനമായി മാറിയിരിക്കുന്നു.

സർക്കാരിന്‍റെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപിത സമീപനത്തിന്‍റെ ഉദാഹരണവുമാണ് ഇത്. ഭരണപരമായ ഡേറ്റയെ പുതിയ രീതിയിൽ ഉപയോഗപ്പെടുത്തി ജിഡിപി കണക്കെടുപ്പിന്‍റെ കൃത്യത വർധിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ജിഡിപി കണക്കാക്കുന്നതിൽ മാത്രമല്ല, രാജ്യത്തുടനീളം തെളിവുകൾ ആധാരമാക്കിയുള്ള തീരുമാനമെടുക്കൽ പ്രക്രിയയിൽ ഭരണപരമായ ഡേറ്റയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും മന്ത്രാലയം പിന്തുടരുന്നു. ഡേറ്റയെ കൂടുതൽ കൃത്യവും, താരതമ്യം ചെയ്യാൻ സുഗമവും, മറ്റ് ഡേറ്റ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ സജ്ജവുമാക്കുക എന്നതാണ് ഈ ഉദ്യമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഡേറ്റ സ്ഥിരതയാർന്നതും ദേശീയ/ സംസ്ഥാന/ പ്രാദേശിക തലങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതാണെന്നും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

സമകാലിക ഘട്ടത്തിൽ, തീരുമാനങ്ങൾ കൂടുതലായും ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്ന ലക്ഷ്യവേധിയായ നയങ്ങൾ രൂപപ്പെടുത്താനും സംസ്ഥാന/ പ്രാദേശിക തലങ്ങളിൽ ശേഖരിക്കുന്ന ഡേറ്റ പ്രധാന പങ്ക് വഹിക്കുന്നു. തദ്‌ഫലമായി സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ജിഡിപി കണക്കുകൾ കൃത്യമായി നിർണയിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ഇതിനായി സംസ്ഥാനങ്ങൾക്ക് ഇതിനോടകം സാങ്കേതിക പിന്തുണ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം, നിലവിലെ സാമ്പിള്‍ സർവെകളിൽ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ/ ജില്ലാതല കണക്കുകൾ ശേഖരിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഉപ- സംസ്ഥാന തല സർവെ കണക്കുകൾ സംസ്ഥാന/ ഉപ- സംസ്ഥാന ജിഡിപിയുടെ കൃത്യത വർധിപ്പിക്കുക മാത്രമല്ല പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വിശാലവും സമഗ്രവുമായ വീക്ഷണവും പ്രദാനം ചെയ്യും.

വിപുലവും വിശ്വസനീയവുമായ സാമ്പത്തിക വിവരങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പെന്ന നിലയിൽ 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്കായി എസ്റ്റിമേറ്റുകൾ സൃഷ്ടിക്കും. വരാനിരിക്കുന്ന സർവെയിൽ നിന്നുള്ള ഡേറ്റയും ജിഎസ്ടി ഡേറ്റയും സംസ്ഥാന/ പ്രാദേശിക സാമ്പത്തിക അക്കൗണ്ടുകൾ മെച്ചപ്പെടുത്താനും കൂടുതൽ കൃത്യവും ശക്തവുമാക്കാനും സഹായിക്കും.

അടിസ്ഥാന വർഷം പുതുക്കുന്നത് സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ മെച്ചപ്പെടുത്തുകയും കൂടുതൽ ശക്തവും വിശ്വസനീയവുമാക്കുകയും ചെയ്തു. എന്നിരുന്നാലും, പുതിയ സ്റ്റാറ്റിസ്റ്റിക്കൽ ഉത്പന്നങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഡേറ്റസെറ്റുകളുടെ സമന്വയം തുടങ്ങിയ ഭാവിസജ്ജമായ സംരംഭങ്ങളിലൂടെ സിസ്റ്റം വികസിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു പരിവർത്തന യാത്രയുടെ തുടക്കം മാത്രമാണിത്. ഈ ഉദ്യമങ്ങൾ സംയുക്തമായി, ചലനാത്മകവും പ്രതികരണശേഷിയുള്ളതും ഭാവിസജ്ജവുമായ ഒരു സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റത്തിന്‍റെ പരിണാമത്തിലേക്ക് നയിക്കുന്നു.

(കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com