ക്ലാസ് ലീഡറുടെ കുപ്പിവെള്ളത്തിൽ വിഷം കലർത്തി; എട്ടാം ക്ലാ‌സ് വിദ്യാർഥികൾക്കെതിരേ കേസ്...!

പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
ക്ലാസ് ലീഡറുടെ കുപ്പിവെള്ളത്തിൽ വിഷം കലർത്തി; എട്ടാം ക്ലാ‌സ് വിദ്യാർഥികൾക്കെതിരേ കേസ്...!

ചെന്നൈ: സേലത്ത് ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലർത്തി എട്ടാം ക്ലാ‌സ് വിദ്യാർഥികൾ. സേലം ശങ്കഗരി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ കുപ്പിവെള്ളത്തിലാണ് സഹപാഠികൾ വിഷം കലക്കിയത്.

എന്നാൽ, വെള്ളം കുടിക്കുന്നതിനിടെ രുചി വ്യത്യാസം തോന്നി തുപ്പിക്കളഞ്ഞതിനാൽ കുട്ടി രക്ഷപെട്ടു. കുട്ടി നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളത്തിന്‍റെ രുചി വ്യത്യാസം കുട്ടി അധ്യാപികയെ അറിയച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയുടെ ഇടപെടലിൽ വെള്ളം രാസപരിശോധനയ്ക്ക് അയക്കുകയും വിഷം കലർന്നിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

ഹോംവർക്ക് ചെയ്യാതെ കുട്ടികൾ എത്തിയത് അധ്യാപികയെ അറിയിച്ചതിനെത്തുടർന്നുണ്ടായ പകയാണ് വിഷം കലക്കാന്‍ കാരണമായതെന്ന് സഹപാഠികൾ പൊലീസിനോട് സമ്മതിച്ചു.

സംഭവത്തിൽ രണ്ട് ആൺകുട്ടികൾക്കെതിരേ ഐപിസി സെക്ഷന്‍ 328 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

അച്ഛന്‍റെ കൃഷിയിടത്തിൽ നിന്ന് കീടനാശിനി മോഷ്ടിച്ചാണ് കുട്ടികൾ വെള്ളത്തിൽ കലക്കിയതെന്നും വയറിളക്കമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കസ്റ്റഡിയിലായ കുട്ടികൾ പൊലീസിനോട് പറഞ്ഞു. 2 കുട്ടികൾക്കും കൗൺസിലിംഗ് നൽകാന്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃ‌തരോട് ആവശ്യപ്പെട്ടതായി ശങ്കരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് രാജ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com