പി.എ. സുരേഷ് ബാബു കൽപ്പാക്കം ആണവനിലയം സിഎംഡിയായി ചുമതലയേറ്റു

തൃശൂർ സ്വദേശിയായ അദ്ദേഹം 1988ൽ തൃശൂർ ഗവൺമെന്‍റ് എന്‍ജിനീയറിങ് കോളെജിൽ നിന്ന് മെക്കാനിക്കൽ എന്‍ജിനീയറിങ് പൂർത്തിയാക്കി.
P.A. Suresh Babu takes charge as CMD of Kalpakkam Nuclear Power Plant

പി.എ. സുരേഷ് ബാബു കൽപ്പാക്കം ആണവനിലയം സിഎംഡിയായി ചുമതലയേറ്റു

file photo

Updated on

ന്യൂഡൽഹി: ആണവോര്‍ജ വകുപ്പിലെ പ്രമുഖ ശാസ്ത്രജ്ഞനും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ) മാനവവിഭവ ശേഷി വിഭാഗം ഡയറക്റ്ററുമായ തൃശൂർ സ്വദേശി പി.എ. സുരേഷ് ബാബു തമിഴ്നാട്ടിലെ കൽപ്പാക്കത്തെ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്‍റെ (ഭാവിനി) ചെയർമാനും മാനെജിങ് ഡയറക്റ്ററുമായി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണു നിയമനം.

ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കൽപ്പാക്കത്തെ 500 മെഗാവാട്ട് ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്ററിന്‍റെ നിർമാണം, കമ്മിഷനിങ്, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കും രാജ്യത്തെ ഭാവി ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ പദ്ധതികൾക്കും ഉത്തരവാദപ്പെട്ട സ്ഥാപനമാണ് ഭാവിനി.

ആണവോർജ രംഗത്ത് 37 വർഷത്തിലധികം അനുഭവസമ്പത്തുള്ള സുരേഷ് ബാബു സമ്മര്‍ദിത ഘനജല റിയാക്റ്ററുകള്‍, സമ്മര്‍ദിത ജല റിയാക്റ്ററുകൾ, കോർപ്പറേറ്റ് മാനവവിഭവശേഷി വിഭാഗം എന്നിവയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്.

തൃശൂർ സ്വദേശിയായ അദ്ദേഹം 1988ൽ തൃശൂർ ഗവൺമെന്‍റ് എന്‍ജിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എന്‍ജിനീയറിങ് പൂർത്തിയാക്കി. 89ൽ ഭാഭ ആറ്റമിക് റിസർച്ച് സെന്‍റർ ട്രെയിനിങ് സ്കൂളിലെ 32ാം ബാച്ചിന്‍റെ ഭാഗമായി ആണവ മേഖലയില്‍ പരിശീലനം നേടി. തുടർന്ന് മദ്രാസ് ആണവോര്‍ജ നിലയത്തില്‍ 14 വർഷം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.

പിന്നീട് കൂടംകുളം ആണവോര്‍ജ പദ്ധതിയില്‍ സ്റ്റേഷൻ ഡയറക്റ്റർ ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ച അദ്ദേഹത്തെ 2022 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ എൻപിസിഐഎൽ മാനവവിഭവശേഷി വിഭാഗം ഡയറക്റ്ററായി നിയമിച്ചു.

എൻപിസിഐഎൽ ബോർഡ് അംഗം, എൻപിസിഐഎൽ - എൻടിപിസി സംയുക്ത സംരംഭമായ അണുശക്തി വിദ്യുത് നിഗം ലിമിറ്റഡ് (അശ്വിനി) ചെയർമാൻ, യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ബോർഡ് അംഗം എന്നീ നിലകളിലും സുരേഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com