

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ട് വർഷം മുൻപ് സംസ്ഥാന നിയമസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി.
പേര് മാറ്റവുമായി ബന്ധപ്പെട്ട സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കേരള സർക്കാർ 2024 ജൂണിൽ കേന്ദ്രത്തിന് കൈമാറിയിരുന്നു. തുടർന്ന് രാഷ്ട്രപതി ബിൽ സംസ്ഥാന നിയമസഭയ്ക്ക് അയച്ച് അഭിപ്രായം തേടി. ഇതിന് പിന്നാലെ ബില്ലിനെ അംഗീകരിച്ചുകൊണ്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ‘കേരള (പേരുമാറ്റം) ബിൽ, 2026’ ലോക്സഭയിൽ അവതരിപ്പിച്ചത്. ‘കേരള’ എന്ന സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനും ഭരണഘടനയിലെ ബന്ധപ്പെട്ട വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും അനുബന്ധ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനുമാണ് ബിൽ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിന് അനുസൃതമായി, ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിനു പകരം ‘കേരളം’ എന്നാക്കി ഭേദഗതി വരുത്തും.
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.