
നിമിഷപ്രിയ
file image
ന്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചർച്ചകൾക്കായി നയതന്ത്ര - മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ. ഈ ആവശ്യം വെളളിയാഴ്ച സുപ്രീം കോടതിയിൽ ഉന്നയിക്കാൻ കൗൺസിൽ തീരുമാനിച്ചു. ആറംഗ നയതന്ത്ര - മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് കൗൺസിലിന്‍റെ ആവശ്യം.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്‍റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനാണ് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്. സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. കേസ് പരിഗണിക്കുമ്പോള്‍ തലാലിന്‍റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. മര്‍കസ് പ്രതിനിധികളായി ഡോ. ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.