മണിപ്പൂരിൽ 36 സമുദായങ്ങളുടെയും പ്രതിനിധികളടങ്ങിയ സമാധാന സമിതി രൂപീകരിക്കും: മുഖ്യമന്ത്രി ഖേംചന്ദ് സിങ്

മണിപ്പൂരിന്‍റെ ഭൂമിയും സ്വത്വവും പൈതൃകവും സംരക്ഷിക്കുന്നതിൽ എല്ലാ സമുദായങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Manipur Chief Minister Y. Khemchand Singh

മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്

Updated on: 

ഇംഫാൽ: മണിപ്പൂരിലെ 36 സമുദായങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമാധാനവും സൗഹാർദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്. എല്ലാ സമുദായങ്ങളെയും ഒരുമിപ്പിക്കുന്നതിന് ഇത്തരമൊരു സമിതി നിലവിലുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചതിനെ തുടർന്നാണ് നിർദേശം മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇംഫാലിലെ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ വിവിധ ഗോത്രവിഭാഗങ്ങളിലെ മലയോര തലവന്മാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേരാ ഹൗ ചോങ്ബ ഉത്സവത്തിന്‍റെ ഭാഗമായി പാലസ് കോംപൗണ്ടിൽ നിർമിച്ച ഹിൽ (ട്രൈബൽ) ചീഫ്സ് ഗസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനത്തിനു പിന്നാലെയായിരുന്നു ചടങ്ങ്.

മണിപ്പൂരിന്‍റെ ഭൂമിയും സ്വത്വവും പൈതൃകവും സംരക്ഷിക്കുന്നതിൽ എല്ലാ സമുദായങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആംഗ്ലോ-മണിപ്പൂർ യുദ്ധവും ഏഴുവർഷത്തെ ദുരിതകാലവും അനുസ്മരിച്ച അദ്ദേഹം, സംസ്ഥാനത്തിന്‍റെ സംരക്ഷണത്തിനായി ത്യാഗം ചെയ്തവരെ ആദരിച്ചു.

ഉത്സവം സംസ്ഥാനത്ത് സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്നും സാഹോദര്യബോധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുൻപ് ഇംഫാൽ സന്ദർശിക്കാൻ മടിച്ചിരുന്നവരുൾപ്പെടെ മലയോര മേഖലകളിൽ നിന്ന് നിരവധി പേർ ഇത്തവണ ഉത്സവത്തിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസ് ഒരു ഭൗതിക നിർമിതി മാത്രമല്ലെന്നും മലയോര മേഖലകളും താഴ്‌വരയും തമ്മിലുള്ള സാഹോദര്യത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ വിവിധ ഗോത്രവിഭാഗങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഉത്സവമാണ് മേരാ ഹൗ ചോങ്ബ.

logo
Metro Vaartha
www.metrovaartha.com