സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിലായി
A student was bitten by a snake while playing in the school ground
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യംfile
Updated on

കൊൽക്കത്ത: സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ബർദ്ദവാനിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പ് കടിച്ചത്. കാലിൽ വേദനിക്കുന്നതായി കുട്ടി പരാതിപ്പെട്ടെങ്കിലും അധ്യാപകർ കാര്യമാക്കിയില്ല.

വീട്ടിലെത്തിയപ്പോഴേയ്ക്കും അവശനിലയിലായ കുട്ടി രക്ഷിതാക്കളോട് കാലിലെന്തോ കടിച്ചതായ വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ നോക്കിയപ്പോഴാണ് കാലിലെ നിറം മാറ്റം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ അധ്യാപകർക്കെതിരെ പരാതിപ്പെട്ടതോടെ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.

വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിലായിട്ടുണ്ട്. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം അധ്യാപകരോട് പറഞ്ഞിരുന്നുവെങ്കിലും ആരും അതിനെ കാര്യമായി എടുത്തിരുന്നില്ലെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റർ അറസ്റ്റിലായത്. കോശിഗ്രാം യൂണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഇന്ദ്രഡിത് മജ്ഹിയാണ് മരിച്ചത്.

പോസ്റ്റ്മോർട്ടത്തിൽ മരണകാരണം പാമ്പുകടിയേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ കാലിൽ ഒന്ന് നോക്കിയിരുന്നെങ്കിൽ പാമ്പ് കടിച്ചതാണെന്ന് വ്യക്തമാവുമായിരുന്നുവെന്നും അത് പോലും ചെയ്യാതെയാണ് അധ്യാപകർ കുട്ടിയെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ രക്ഷിതാക്കൾ സംഘടിച്ച് സ്കൂളിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ 300 ഓളം പേരാണ് കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ പ്രതിഷേധിച്ച് എത്തിയത്. ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹെഡ്മാസ്റ്റർ പൂർണേന്ദു ബാനർജിയാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റർ പ്രതികരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com