പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

വീടിന് സമീപത്തെ കരിമ്പ് പാടത്ത് ജോലി ചെയ്യുന്നതിനിടെ പുലി ഇവരെ ആക്രമിക്കുകയായിരുന്നു
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ബഹ്റൈച്ച്: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കതർനിയാഘട്ട് വന്യജീവി ഡിവിഷനിലെ സുജൗലി റേഞ്ചിൽ വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

സുജൗലി ഗ്രാമത്തിലെ ഗദേരിയൻ പുരവ സ്വദേശിയായ രാജേന്ദ്രന്‍റെ ഭാര്യ മമത (35) ആണ് മരിച്ചത്. വീടിന് സമീപത്തെ കരിമ്പ് പാടത്ത് ജോലി ചെയ്യുന്നതിനിടെ പുലി ഇവരെ ആക്രമിക്കുകയായിരുന്നു. മമത സംഭവസ്ഥലത്ത് തന്നെ മരിച്ചു. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വച്ചാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രാജസ്ഥാനിലായിരുന്ന മമതയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ ബഹ്റൈച്ചിലെത്തി.

സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സുജൗലി മേഖലയിൽ വനംവകുപ്പ് അധികൃതർ വന്യജീവി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. കൂടാതെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയാൻ ആനകളെ ഉപയോഗിച്ചുള്ള പട്രോളിങ്ങും നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യം സുജൗലിയിൽ പുലിയുടെ ആക്രമണത്തിൽ 86കാരി കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തിൽ യുവാവിനും പരുക്കേറ്റു. വെള്ളപ്പൊക്കത്തെ തുടർന്നാണ് പുള്ളിപ്പുലികൾ ജനവാസമേഖലകളിലേക്ക് എത്തുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. അടുത്തിടെ ബഹ്റൈച്ചിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പുലികളെ പിടികൂടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com