
തീവ്രവാദി ഹാഷിം മൂസ
ശ്രീനഗർ: ഓപ്പറേഷൻ മഹാദേവിന്‍റെ ഭാഗമായി ജമ്മു കശ്മീരിലെ ദാരയിൽ സുരക്ഷാസേന വധിച്ച ഭീകരരുടെ കൈവശം ഇന്ത‍്യൻ ആധാർ കാർഡുകൾ കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ആധാർ കാർഡുകൾ വ‍്യാജമായി ഭീകരർ സംഘടിപ്പിച്ചതായിരിക്കാമെന്ന് സുരക്ഷാസേന സംശയിക്കുന്നു. അതേസമയം, ആധാർ കാർഡുകൾ കൂടാതെ ഭീകരരിൽ നിന്നു ഫോണുകളും മറ്റ് ഉപകരണങ്ങളും പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവയടക്കം പരിശോധിച്ചുവരുകയാണ്.
ജൂലൈ 28നായിരുന്നു ഓപ്പറേഷൻ മഹാദേവിന്‍റെ ഭാഗമായി മൂന്ന് ഭീകരരെ സൈന‍്യം വധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് സൈന‍്യം വധിച്ചതെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ ആഭ‍്യന്തര മന്ത്രി അമിത് ഷായും വ‍്യക്തമാക്കിയിരുന്നു.