സുശാന്തിന്‍റെയും ദിഷയുടെയും മരണം: സിബിഐ അന്വേഷണത്തിനെതിരേ ആദിത്യ താക്കറെ

പൊതുതാത്പര്യ ഹർജിയിൽ വിധി പുറപ്പെടുവിക്കും മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ആദിത്യ താക്കറെ ബോംബെ ഹൈക്കോടതിയെ സമീപിച്ചതായി സൂചന
Sushant Singh Rajput, Aaditya Thackeray, Disha Salian
Sushant Singh Rajput, Aaditya Thackeray, Disha Salian
Updated on

മുംബൈ: നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെയും മുൻ മാനെജർ ദിഷ സാലിയന്‍റെയും ദുരൂഹ മരണത്തിൽ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടോ എന്നു സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിക്കെതിരേ ആദിത്യ താക്കറെ ബോംബെ ഹൈക്കോടതിയെ സമീപിച്ചതായി സൂചന. ശിവസേന (യുബിടി) എംഎൽഎയും പാർട്ടി മേധാവി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യയെ അടിയന്തരമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമന്ന് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജിയിൽ വിധി പുറപ്പെടുവിക്കും മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നാണ് ആദിത്യ താക്കറെയുടെ ആവശ്യം. സുശാന്തിന്‍റെയും ദിഷയുടെയും മരണം ഇപ്പോൾ തന്നെ അന്വേഷണത്തിലുള്ള വിഷയമായതിനാൽ സിബിഐക്കു പ്രത്യേക നിർദേശം നൽകേണ്ട ആവശ്യമില്ലെന്നും അഡ്വക്കറ്റ് രാഹുൽ അറോത്തെ മുഖേന സമർപ്പിച്ച ഹർജിയിൽ ആദിത്യ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, സുപ്രീം കോർട്ട് ആൻഡ് ഹൈക്കോർട്ട് ലിറ്റിഗന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പ്രസിഡന്‍റ് സെപ്റ്റംബറിൽ നൽകിയ പൊതുതാത്പര്യ ഹർജി കോടതി ഇതുവരെ പരിഗണനയ്ക്കെടുത്തിട്ടില്ല. മഹരാഷ്‌ട്രയിലെ മുൻമന്ത്രി കൂടിയായ ആദിത്യ താക്കറെയെ അന്വേഷണത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെന്ന ഇതിലെ ആവശ്യമാണ് പുതിയ ഹർജിയിൽ എതിർക്കുന്നത്.

2020 ജൂൺ 14നാണ് സുശാന്ത് സിങ് രജ്‌പുത്തിനെ ബാന്ദ്രയ്ക്കടുത്തുള്ള അപ്പാർട്ട്‌മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് ആറു ദിവസം മുൻപ് മുംബൈയിലെ ഉയർന്ന കെട്ടിടത്തിൽ നിന്നു വീണു മരിക്കുകയായിരുന്നു ദിഷ സാലിയൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com