

ഫയൽ ചിത്രം
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‍റെ പേരിൽ സമൂഹമാധ്യമത്തിലൂടെയാണ് വധഭീഷണി എത്തിയത്. അതേസമയം ഭീഷണി സന്ദേശത്തിന്‍റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ആമിർ ഖാനോ അദ്ദേഹത്തിന്‍റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. വധഭീഷണി സംബന്ധിച്ച സമൂഹമാധ്യമ പോസ്റ്റും വോയ്സ് ക്ലിപ്പും വിശദമായി പരിശോധിക്കുകയാണെന്ന് മുംബൈ പൊലീസ് കമ്മിഷണർ ദേവൻ ഭാരതി പറഞ്ഞു.
'അർസു ബിഷ്‌ണോയ്', 'ടൈസൺ ബിഷ്‌ണോയ്' എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ രണ്ട് പേരാണ് സമൂഹമാധ്യമ പോസ്റ്റും ശബ്ദസന്ദേശവും പങ്കുവെച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങൾ ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധപ്പെട്ടവരാണെന്നും അവർ അവകാശപ്പെട്ടിട്ടുണ്ട്.
ആമിർ ഖാൻ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുകയാണെന്നാണ് സന്ദേശത്തിലെ ആരോപണം. ഗൗരി സ്പ്രാറ്റുമായുള്ള ആമിറിന്‍റെ മൂന്നാം വിവാഹത്തെ പരാമർശിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‍റെ ഭീഷണികൾ വർഷങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് ആമിർ ഖാനെതിരെയും സമാന രീതിയിലുള്ള ഭീഷണി ഉയർന്നിരിക്കുന്നത്.