പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ; എക്സിന് നോട്ടീസ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

പരാതിയിൽ ചൂണ്ടിക്കാട്ടിയ പോസ്റ്റുകൾ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യുകയോ അവയിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യണമെന്നും എക്‌സിന് നൽകിയ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്
Delhi Police sends notice to X.

എക്സിന് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

Updated on

ന്യൂഡൽഹി: നീറ്റ് വിവാദത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സാമൂഹിക മാധ്യമമായ എക്‌സിൽ അപകീർത്തികരവും ദുരുദ്ദേശപരവും അധിക്ഷേപകരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പോസ്റ്റുകൾ പങ്കുവച്ച എട്ടോളം എക്‌സ് അക്കൗണ്ടുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലിലെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധപ്പെട്ട എക്‌സ് അക്കൗണ്ടുകളുടെ ഉടമകളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ലോഗിൻ-ലോഗൗട്ട് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കൈമാറാൻ എക്‌സിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയിൽ ചൂണ്ടിക്കാട്ടിയ പോസ്റ്റുകൾ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യുകയോ അവയിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യണമെന്നും, അന്വേഷണത്തിന് ആവശ്യമായ എല്ലാ ഡിജിറ്റൽ രേഖകളും സംരക്ഷിക്കണമെന്നും എക്‌സിന് നൽകിയ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ ഭീഷണിപ്പെടുത്തൽ, വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭരണഘടനാപരമായ പദവികളിലുള്ള വ്യക്തികളെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ജൂലൈ 20ന് നടന്ന "പാർലമെന്‍റ് മാർച്ച്" പ്രതിഷേധത്തിനിടെയും അതിന് ശേഷവും പ്രധാനമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുള്ള ചില പോസ്റ്റുകളാണ് അന്വേഷണ പരിധിയിലുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഐടി നിയമവും 2021-ലെ ഇന്‍റർമീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് ചട്ടങ്ങളും പ്രകാരം, നിയമവിരുദ്ധമെന്ന് കരുതുന്ന ചില പോസ്റ്റുകളിലേക്കുള്ള പ്രവേശനം തടയാൻ എക്‌സിന് പ്രത്യേക നോട്ടീസും ഡൽഹി പൊലീസ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്കും പൊതുജനമധ്യേയുള്ള മാന്യതയ്ക്കും ഗുരുതരമായ ദോഷം വരുത്തുകയും പൊതുസമാധാനം തകർക്കാൻ സാധ്യതയുള്ളതുമായ വ്യാജവും കൃത്രിമവുമായ ഉള്ളടക്കമാണ് പ്രചരിപ്പിച്ചതെന്നാണ് പരാതിയിലെ ആരോപണം. എക്‌സിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com