

അപകടത്തിന്‍റെ ദൃശ്യം
ബെംഗളൂരു: കർണാടകത്തിൽ ബെംഗളൂരുവിന് സമീപം അട്ടിബെലെയിലെ പെട്രോൾ പമ്പിൽ ആഡംബര കാറിന് തീപിടിച്ചു. റിവേഴ്സ് എടുക്കുന്നതിനിടെ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. അപകടമുണ്ടാക്കിയ കാർ ഉടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക-തമിഴ്നാട് അതിർത്തി പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
കുട്‌ലു സ്വദേശിയായ സഞ്ജയ് ഇന്ധനം നിറയ്ക്കാനായി തന്‍റെ ജഗ്വാർ കാറുമായി അട്ടിബെലെയ്ക്ക് സമീപത്തെ പെട്രോൾ പമ്പിലെത്തിയതായിരുന്നു. പമ്പ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്ന ഭാഗത്തേക്ക് കാർ അൽപം മാറ്റിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് കാർ റിവേഴ്സ് എടുക്കുന്നതിനിടെ സഞ്ജയ് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയെന്ന് പൊലീസ് പറയുന്നു. ഇതോടെ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയും തീപിടിക്കുകയുമായിരുന്നു. കാറിൽ നിന്ന് പടർന്ന തീ പിന്നീട് പെട്രോൾ പമ്പിലേക്കും വ്യാപിച്ചു.
കാർ ഇടിച്ചതിനെ തുടർന്ന് പമ്പിലെ ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സഞ്ജയിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തായ യുവതി ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അട്ടിബെലെ പൊലീസ് കേസെടുത്തു.