

ഛത്തീസ്ഗഢിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ അപകടം; നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരുക്ക്
സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏലർമഡ്ഗു ക്യാംപിന് സമീപമാണ് സംഭവം.
അമ്യൂണിഷൻ ടെക്നിക്കൽ ടീം അംഗങ്ങളായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ എം.കെ. തിവാരി, ഇൻസ്പെക്റ്റർ അമർനാഥ് മിശ്ര എന്നിവർക്കും 50-ാം ബറ്റാലിയനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ അനീസ് ഖാൻ, ഹെഡ് കോൺസ്റ്റബിൾ കുൽദീപ് രാജ് എന്നിവർക്കുമാണ് പരുക്കേറ്റത്. രണ്ട് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർമാരുടെ പരുക്ക് ഗുരുതരമാണ്.
പ്രദേശത്തെ വിവിധ ക്യാംപുകൾ പരിശോധിക്കുന്നതിനും ഉപയോഗശൂന്യമായ സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി നിർവീര്യമാക്കുന്നതിനുമായി സിആർപിഎഫിന്‍റെ 50-ാം ബറ്റാലിയനിലെ അമ്യൂണിഷൻ ടെക്നിക്കൽ ടീം ജഗ്ദൽപുരിൽ നിന്ന് എത്തിയിരുന്നു. ക്യാംപിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഫോടകവസ്തുവിന്‍റെ ഒരു ഭാഗം അബദ്ധത്തിൽ തെറിച്ചുവീണ് സമീപത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം കോണ്ടയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.