
മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: ആചാര്യ ദേവവ്രത്ത് മഹാരാഷ്ട്ര ഗവർണറായി സത്യ പ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതോടെ ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രത്തിന് മഹാരാഷ്ട്രയുടെ അധിക ചുമതല നൽകിയിരുന്നു.
തിങ്കളാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ ദേവവ്രതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവവ്രത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മറ്റ് സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
66 കാരനായ ദേവവ്രത് 2019 മുതൽ ഗുജറാത്ത് ഗവർണറാണ്. ഹിന്ദിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പ്രകൃതിചികിത്സയിലും യോഗ ശാസ്ത്രത്തിലും ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്.