കെൻ-ബെത്വ പദ്ധതി; 18 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് അമിത് ഭട്നാഗർ

നിരാഹാര സമരം അവസാനിപ്പിക്കാൻ അമിത് ഭട്‌നാഗറുടെ അമ്മ പ്രേരിപ്പിച്ചെന്നാണ് സഹോദരൻ അങ്കിത് വാർത്താ ഏജൻസിയായ പിടിഐയോട് വ‍്യക്തമാക്കിയത്
activist amit bhatnagar ends hunger strike in ken- betwa protest

അമിത് ഭട്നാഗർ

Updated on

ഭോപ്പാൽ: മധ‍്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ കെൻ- ബെത്വ നദീസംയോജന പദ്ധതിക്കെതിരേ കഴിഞ്ഞ 18 ദിവസമായി നടത്തിവരുകയായിരുന്ന നിരാഹാര സമരം ആക്റ്റിവിസ്റ്റ് അമിത് ഭട്നാഗർ അവസാനിപ്പിച്ചു. ആശുപത്രി വിട്ട് ഛത്തർപൂർ ജില്ലയിലെ ബിജാവറിൽ എത്തിയപ്പോൾ ഇദ്ദേഹത്തിന്‍റെ അമ്മ നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചെന്നാണ് അമിത് ഭട്‌നാഗറുടെ സഹോദരൻ അങ്കിത് വാർത്താ ഏജൻസിയായ പിടിഐയോട് വ‍്യക്തമാക്കിയത്.

അമിത് ഭട്നാഗറുടെ ആരോഗ‍്യനില ഭേദമായതിനെത്തുടർന്ന് അദ്ദേഹത്തെ തന്‍റെ ജന്മനാട്ടിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം ചത്തർപൂർ കലക്റ്റർ പാർഥ് ജയ്‌സ്വാൾ പറഞ്ഞിരുന്നു. പ്രതിഷേധ സ്ഥലത്ത് നിന്നും അമിത്തിനെ പൊലീസ് ബിജാവർ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് അമിത് ആരോപിക്കുന്നത്.

ഈ പദ്ധതിക്ക് 44,605 കോടി രൂപ ചെലവ് വരുമെന്നാണ് ജലശക്തി മന്ത്രാലയത്തിന്‍റെ ഔദ‍്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. ജൂലൈ 3ന് ബരാന നദിക്ക് സമീപമുള്ള പാലത്തിന് താഴെയാണ് പ്രതിഷേധം ആരംഭിച്ചത്. ഈ പദ്ധതി നടപ്പാക്കിയാൽ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപെടുമെന്നും കൃഷിയിടങ്ങളും വനമേഖലകളും നഷ്ടമാകുമെന്നും സമരക്കാർ പറയുന്നു. ആദിവാസികളും കർഷകരുമാണ് പ്രധാനമായും സമരരംഗത്തുള്ളത്.

ജലസത‍്യാഗ്രഹം, ചിതാ സത‍്യാഗ്രഹം അടക്കം വിവിധ സമരമാർഗങ്ങളാണ് ഇവർ പിന്തുടരുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഭരണകൂടത്തിന്‍റെ തീരുമാനം. തന്‍റെ സമരം ഏതെങ്കിലും വ‍്യക്തിക്കോ, രാഷ്ട്രീയ പാർട്ടിക്കോ, സർക്കാരിനോ എതിരല്ലെന്നും ആദിവാസി സമൂഹങ്ങളുടെയും പദ്ധതി ബാധിത കുടുംബങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനാണെന്നും അമിത് പറഞ്ഞതായി സമരത്തിൽ പങ്കെടുത്ത പ്രാദേശിക സംഘടനയായ ജയ് കിസാൻ സംഗതൻ‌ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com