

ഇമ്രാൻ ഖാൻ പൊലീസ് കസ്റ്റഡിയിൽ. പങ്കാളി ലേഖ വാഷിങ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവർ സമീപം. (ഫയൽ ചിത്രം)
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഒക്റ്റോബർ 28നകം രാജ്യം വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടീസ് ചോദ്യം ചെയ്ത് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും. യുഎസ് പൗരനായ ഇമ്രാൻ ഖാൻ വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് വിവരം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് നിയമത്തിലോ ചട്ടങ്ങളിലോ വിലക്കില്ലെന്നാണ് ഹർജിയിലെ വാദം.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നടന് നോട്ടീസ് നൽകിയത്. 43കാരനായ നടനോട് ഒക്റ്റോബർ 28നകം രാജ്യം വിടാൻ ആവശ്യപ്പെട്ട മുംബൈ പൊലീസിന്റെ നടപടി കടുത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി സമർപ്പിച്ചാൽ അടിയന്തര പരിഗണന ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിൽ വിഷയം പരാമർശിക്കാനാണ് സാധ്യത.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഒക്റ്റോബർ 10ന് സിജെപിയുടെ നേതൃത്വത്തിൽ മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർ നടപടിയുടെ ഭാഗമായാണ് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇമ്രാൻ ഖാൻ സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനാണ്. ഇമ്രാൻ ഖാനൊപ്പം അദ്ദേഹത്തിന്റെ പങ്കാളി ലേഖ വാഷിങ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.