സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഒക്റ്റോബർ 28നകം ഇന്ത്യ വിടാൻ നടൻ ഇമ്രാൻ ഖാന് പൊലീസ് നിർദേശം

സൂപ്പർതാരം ആമിർ ഖാന്‍റെ അനന്തരവനായ ഇമ്രാൻ ഖാൻ, മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി
Police take actor Imran Khan into custody during a CJP protest (file photo)

സിജെപി പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു (ഫയൽ ചിത്രം)

Updated on: 

മുംബൈ: ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്റ്റോബർ 28നകം ഇന്ത്യ വിടാൻ മുംബൈ പൊലീസ് നിർദേശം നൽകി. അമെരിക്കൻ പൗരനായ നടന് ഇതുസംബന്ധിച്ച ഔദ്യോഗിക നോട്ടീസ് നൽകിയതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. സൂപ്പർതാരം ആമിർ ഖാന്‍റെ അനന്തരവനായ ഇമ്രാൻ ഖാൻ, ഒക്റ്റോബർ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി.

പ്രതിഷേധത്തിനിടെ നടനെ പൊലീസ് അൽപ്പസമയത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഖാൻ വിദേശ പൗരനാണെന്നും ഇന്ത്യൻ പൗരനല്ലെന്നും പൊലീസ് പറഞ്ഞു. നിയമപ്രകാരം വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിലോ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യ വിടണമെന്നുള്ള നോട്ടീസിന്‍റെ പകർപ്പ് അദ്ദേഹം സ്വീകരിച്ചതായും തുടർനടപടികൾ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

വിദേശ പൗരനായ ഇമ്രാൻ ഖാൻ മുംബൈയിൽ നടന്ന സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരേ നടപടി സ്വീകരിക്കണമെന്ന് മുൻ ബിജെപി എംപി കിരിത് സോമയ്യ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശ പൗരന് ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തിനൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരും ഉണ്ടായിരുന്നു. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായല്ലെന്നും മറിച്ച് മുംബൈയിലെ ഒരു സാധാരണ താമസക്കാരൻ എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com