

സമരവേദിയിൽ നിന്നും
ബെംഗളൂരു: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ചെരുപ്പ് സമരം ആരംഭിച്ച് കോക്റോച്ച് ജനതാ പാർട്ടി (സിജെപി). നടൻ പ്രകാശ് രാജ്, യൂട‍്യൂബറും ആക്റ്റിവിസ്റ്റുമായ ധ്രുവ് റാഠി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ‍്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് ജ്ഞാനേഷ് കുമാർ പ്രവൃത്തിക്കുന്നതെന്ന് ആരോപിച്ച പ്രകാശ് രാജ് എസ്ഐആർ വന്നതോടെ ഈ രാജ‍്യത്ത് ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയായെന്ന് കൂട്ടിച്ചേർത്തു.
നമ്മുടെ ജനാധിപത‍്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. ഒക്റ്റോബർ 10ന് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വിദ‍്യാർഥി സംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ചെരുപ്പ് സമരം നടക്കുന്നത്. ഇതിനോടകം നിരവധിയാളുകളാണ് സിജെപിയുടെ ചെരുപ്പ് സമരത്തിൽ പങ്കെടുക്കാനെത്തിയത്.