ഓംകാരേശ്വറിൽ ആദിശങ്കര പ്രതിമ അനാവരണം ചെയ്തു | Video

കഴിഞ്ഞ വർഷമാണ് മാന്ധാതാ പർവതത്തിൽ "ഏകാത്മ പ്രതിമ' എന്ന പേരിൽ ശങ്കരാചാര്യരുടെ ഓർമ നിലനിർത്തുന്ന സ്മാരകം നിർമിക്കാൻ മധ്യപ്രദേശ് മന്ത്രിസഭ തീരുമാനിച്ചത്

ഭോപ്പാൽ: നർമദാ നദീ തീരത്തെ ഓംകാരേശ്വറിൽ ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനാവരണം ചെയ്തു. വ്യാഴാഴ്ച നടന്ന വർണാഭമായ ചടങ്ങിലായിരുന്നു അദ്വൈതവേദാന്തകാരന്‍റെ പ്രതിമ രാഷ്‌ട്രത്തിനു സമർപ്പിച്ചത്.

കഴിഞ്ഞ വർഷമാണ് മാന്ധാതാ പർവതത്തിൽ "ഏകാത്മ പ്രതിമ' എന്ന പേരിൽ ശങ്കരാചാര്യരുടെ ഓർമ നിലനിർത്തുന്ന സ്മാരകം നിർമിക്കാൻ മധ്യപ്രദേശ് മന്ത്രിസഭ തീരുമാനിച്ചത്. ഇതോടൊപ്പം അദ്വൈത വേദാന്ത പഠന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.

എട്ടാം നൂറ്റാണ്ടിൽ, കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരനാണ് പിന്നീട് ആത്മീയതയുടെ പടവുകൾ കയറി ശങ്കരാചാര്യരായി മാറിയത്. പന്ത്രണ്ടാം വയസിൽ ഓംകാരേശ്വറിലെത്തിയ ശങ്കരൻ, ഗോവിന്ദ ഭഗവദ് പാദരെ ഗുരുവായി സ്വീകരിച്ചതും ഇവിടെവച്ചാണ്. എല്ലാ ജീവജാലങ്ങളിലും ഒരേയൊരു ബ്രഹ്മമാണുള്ളതെന്നു കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ആദി ശങ്കരാചാര്യരാണ് ഇന്ത്യയെ ഒരു ചരടിൽ ഒന്നായി കോർത്തതെന്ന് പ്രതിമ ഉദ്ഘാടനച്ചടങ്ങിൽ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

രാജ്യത്തിന് നൽകിയ സാംസ്കാരിക അടിത്തറയാണ് ആദി ശങ്കരാചാര്യരുടെ ഏറ്റവും മഹത്തായ സംഭാവനയെന്നും അദ്ദേഹം. മധ്യപ്രദേശിന്‍റെ മണ്ണിൽ നിന്നാണ് അദ്ദേഹം ആത്മീയ ലോകത്തേക്കുള്ള അറിവ് നേടിയതെന്നത് അഭിമാനകരമാണെന്നും ചൗഹാൻ. കേരളത്തിൽ നിന്നു ശങ്കരാചാര്യരുടെ പൂർവാശ്രമത്തിലെ പരമ്പരയിൽപ്പെടുന്നവരെയുൾപ്പെടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നു മധ്യപ്രദേശ് സർക്കാർ.

പ്രതിമയുടെ കാൽ തൊട്ടു വന്ദിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
പ്രതിമയുടെ കാൽ തൊട്ടു വന്ദിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.

രാജ്യത്ത് സർക്കാർ നേരിട്ട് നിർമിക്കുന്ന മൂന്നാമത്തെ വലിയ പ്രതിമയാണ് ഓംകാരേശ്വറിലേത്. 2018ൽ, ഗുജറാത്തിൽ നർമദാ നദീതീരത്ത് സർദാർ വല്ലഭ്ഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തിപുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാന ആചാര്യൻ ശ്രീ രാമാനുജാചചാര്യരുടെ ജന്മസഹസ്രാബ്ദിയുടെ ഭാഗമായി ഹൈദരാബാദിൽ അദ്ദേഹത്തിന്‍റെ പേരിലുള്ള തുല്യതാ പ്രതിമ അനാവരണം ചെയ്തിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com