
ബംഗളൂരു: സൂര്യന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ ഇസ്രൊയുടെ പര്യവേക്ഷണ പേടകം ആദിത്യ എൽ1ന്റെ സുപ്രധാന ചുവടുവയ്പ്പ്. സൂര്യനിൽ നിന്നുള്ള ഊർജവിസ്ഫോടനത്തിന്റെ ആദ്യഘട്ടം പേടകം "ക്യാമറക്കണ്ണിൽ' പകർത്തി. ആദിത്യ എൽ1ലെ ഏഴ് ഉപകരണങ്ങളിലൊന്നായ ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്ററാണ് (എച്ച്ഇൽ1ഒഎസ്) സൗരജ്വാലകളുടെ സുപ്രധാന ചിത്രമെടുത്തത്. ലഗ്രാഞ്ച് പോയിന്റിലേക്കു യാത്ര തുടരുന്ന പേടകം കഴിഞ്ഞ 29നാണു ചിത്രം പകർത്തിയതെന്ന് ഇസ്രൊ.
സൂര്യന്റെ പ്രതലത്തിൽ നിന്നും ബാഹ്യാന്തരീക്ഷത്തിൽ നിന്നുമായി പെട്ടന്നുണ്ടാകുന്ന അതിതീവ്ര ഊർജ-വികിരണ സ്ഫോടനമാണു സൗരജ്വാലകൾ. എക്സ്റേകളുടെയും അൾട്രാ വയലറ്റ് രശ്മികളുടെയും രൂപത്തിലാണ് ഇവ പുറത്തുവരുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ കാന്തികോർജത്തിന്റെ പ്രവാഹത്തിലാണു സൗരജ്വാലകൾ രൂപംകൊള്ളുന്നത്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ദൗത്യം ആദിത്യ എൽ1 യാത്ര തുടങ്ങിയത്. വർഷം മുഴുവനും തടസങ്ങളില്ലാതെ സൂര്യനെ നിരീക്ഷിക്കാനാകുന്ന ലഗ്രാഞ്ച് പോയിന്റ് 1നു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലേക്കാണ് ആദിത്യ എൽ1ന്റെ യാത്ര.