
മണിപ്പൂരിലും നാഗാലാൻഡിലും അഫ്‌സ്‌പ നീട്ടി
ഇംഫാൽ: മണിപ്പൂരിലും നാഗാലാൻഡിലും അഫ്സ്പ നിയമം നീട്ടി (AFSPA- Armed Forces Special Powers Act). ആറുമാസത്തേക്ക് കൂടിയാണ് സേനയ്ക്ക് അഫ്‌സ്‌പ അധികാരം നീട്ടി നൽകിയിരിക്കുന്നത്.
മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷൻ പരിധിയിലൊഴികെ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും അഫ്സ സായുധ സേനയുടെ പ്രത്യേക അധികാര നിയമം വ്യാപിപ്പിച്ചതായി ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നാഗാലാന്‍റിൽ 5 ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് അഫ്സ്പ നീട്ടിയത്.
അഫ്‌സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ 'അസ്വസ്ഥമായ പ്രദേശം' എന്ന നിലയ്ക്ക് പ്രഖ്യാപിച്ചാൽ അവിടെ സായുധ സേനയ്ക്ക് പ്രത്യേക അധികാരമുണ്ടായിരിക്കും. അഫ്‌സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം ഈ നിയമം നൽകുന്നു.