ഇന്ത്യ നദീജല യുദ്ധം കടുപ്പിക്കുന്നു | Video
ന്യൂഡൽഹി: ചിനാബ് നദിയിൽ നാല് വൻകിട ജലവൈദ്യുത പദ്ധതികളുടെ നിർമാണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പകൽ ദുൽ, കിരു പദ്ധതികൾ ഈ വർഷം ഡിസംബറിൽ കമ്മിഷൻ ചെയ്യണമെന്നാണു നിർദേശം. ക്വാർ പദ്ധതി 2028 മാർച്ചിൽ പൂർത്തിയാക്കണം. തന്ത്രപരമായി ഏറെ പ്രാധാമ്യമുള്ള രത്‌ലെ അണക്കെട്ടിന്‍റെ നിർമാണം പരമാവധി വേഗത്തിലാക്കാനും കേന്ദ്രം നിർദേശിച്ചു.
ഊർജ മന്ത്രി മനോഹർ ലാൽ ഖട്ടർ ജമ്മു കശ്മീരിലെ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. പാക്കിസ്ഥാന്‍റെ ജീവനാഡിയായ സിന്ധു നദീതടത്തിന്‍റെ ഭാഗമാണ് ചിനാബ്. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ് പാക്കിസ്ഥാന്‍റെ നദീജലത്തിൽ നാലിൽ മൂന്നും സംഭാവന ചെയ്യുന്നത്. പാക്കിസ്ഥാനിലെ കാർഷിക മേഖലയാകട്ടെ, 90 ശതമാനവും സിന്ധു നദീതടത്തെ ആശ്രയിക്കുന്നു. ഇവിടത്തെ അണക്കെട്ടുകളും കനാലുകളുമാണു പാക്കിസ്ഥാന്‍റെ കൃഷിഭൂമിയെ ജലസമ്പന്നമാക്കുന്നത്. ഫലത്തിൽ, പത്തിൽ ഒമ്പതു പാക്കിസ്ഥാനികളും ഇന്ത്യയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്നു. ഇതു തിരിച്ചറിഞ്ഞാണ് ചിനാബിൽ ഇന്ത്യയുടെ നീക്കങ്ങൾ.
നാല് അണക്കെട്ടുകളിൽ ഏറ്റവും വലുത് പകൽ ദുൽ പദ്ധതിയാണ്. 1000 മെഗാവാട്ടിന്‍റെ പദ്ധതി പൂർത്തിയാകുമ്പോൾ 167 മീറ്ററിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടാകും ചിനാബിൽ ഉയരുക. പാക്കിസ്ഥാനിലേക്കൊഴുകുന്ന നദികളിൽ ഇന്ത്യയുടെ ആദ്യ ജലസംഭരണിയാകും ഇത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണു പദ്ധതി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നു സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇതോടെയാണ് ഈ വർഷം പദ്ധതി പൂർത്തിയാക്കാൻ നിർദേശം. പകൽ ദുൽ അണക്കെട്ട് വൈദ്യുതി ഉത്പാദനത്തിനു മാത്രമല്ല, പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് പൂർണമായി നിയന്ത്രിക്കാനുള്ള ശേഷി കൂടി രാജ്യത്തിനു നൽകും.
കിഷ്ത്വാറിലെ തന്നെ കിരു അണക്കെട്ടിന് 135 മീറ്ററാണ് ഉയരം. തന്ത്രപരമായി ഏറെ പ്രാധാന്യമുണ്ട് ഇതിന്. ക്വാർ പദ്ധതിയിലെ അണക്കെട്ടിന് 109 മീറ്ററാണ് ഉയരം. 2024 ജനുവരിയിൽ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാൻ ചിനാബ് നദിയിലെ ജലം കനാലുകൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതു പാക്കിസ്ഥാൻ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. നിലവിൽ 23 ശതമാനം ജോലികൾ പൂർത്തിയായി.
850 മെഗാവാട്ടിന്‍റെ പദ്ധതിയിയാണ് 133 മീറ്റർ ഉയരമുള്ള രത്‌ലെ അണക്കെട്ട്. അണക്കെട്ടിന്‍റെ സ്പിൽവേയുടെ മാതൃകയടക്കം തുടക്കം മുതൽ പാക്കിസ്ഥാൻ എതിർക്കുന്ന പദ്ധതിയാണിത്. ഇവിടെയും 2024 ജനുവരിയിൽ നിർമാണം വേഗത്തിലാക്കാൻ വെള്ളം വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച മന്ത്രി കോൺക്രീറ്റ് ഉപയോഗിച്ചുള്ള നിർമാണ ജോലികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേയാണ് ദുൽഹസ്തി സ്റ്റേജ് 2 പോലുള്ള പദ്ധതികൾ. തങ്ങളോട് ആലോചിച്ചില്ലെന്ന വാദമുയർത്തി പാക്കിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഇന്ത്യ ഇതു തള്ളിയിരുന്നു.
