
അഹമ്മദാബാദ് വിമാനാപകടം: ബ്രിട്ടീഷ് കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങൾ ലഭിച്ചതായി പരാതി
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. 2 കുടുംബങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്. മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലി വ്യക്തമാക്കി.
മൃതദേഹം മാറിയതിനാൽ ഇതിൽ ഒരു കുടുംബം സംസ്ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
മേയ് 22നായിരുന്നു സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്കുള്ള ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരായിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.